തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.കെ) വെള്ളിയാഴ്ച തിരിതെളിയും. വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങിൽനിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും.10 ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടന ചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിക്കും. ഉദ്ഘാടനചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും. ഡിസംബർ 20 വരെ 15 തിയറ്ററുകളിലായി 68 രാജ്യങ്ങളിൽനിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും.