
കോഴിക്കോട്: കാൽനടയാത്രക്കാർക്ക് അപകടകരമായ രീതിയിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞ്വൈറലായ വീട്ടമ്മയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടർ കൊണ്ടുപോകാൻ ശ്രമിച്ചയാളെ തടഞ്ഞ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയാണ് സമൂഹ മാധ്യമങ്ങളിലൂടെ താരമായത്.
ജങ്ഷനിലെ തിരക്ക് മറികടക്കാൻ റോഡിൽനിന്ന് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിക്കുകയായിരുന്നു. തന്റെ മുന്നിലെത്തിയ യാത്രികനെ പ്രഭാവതി അമ്മ തടഞ്ഞു. പലതവണ മറികടക്കാൻ സ്കൂട്ടർ യാത്രികൻ ശ്രമിച്ചെങ്കിലും സ്കൂട്ടറിന്റെ മുന്നിൽനിന്ന് മാറാതെ പ്രഭാവതിയമ്മയും നിന്നു. നിയമവിരുദ്ധ പ്രവൃത്തികൾ താൻ വിഡിയോയിൽ പകർത്തുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്തിയതോടെ സ്കൂട്ടർ യാത്രികൻ പിന്തിരിഞ്ഞുപോവുകയായിരുന്നു. സമീപത്തെ കെട്ടിടത്തിൽനിന്ന് ഒരാൾ സംഭവം വിഡിയോ പകർത്തിയിരുന്നു. മഹിള അസോസിയേഷന്റെ ജില്ല കമ്മിറ്റി അംഗമായിരുന്ന പ്രഭാവതി ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്‌മി ഹോസ്‌പിറ്റലിൽ വാർഡനായും ജോലി ചെയ്തിരുന്നു.