
കോഴിക്കോട്: മണിയൂരിൽ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിലാകാതെ ജാമ്യത്തിലിറങ്ങിയ സംഭവം വിവാദത്തിൽ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും വടകര ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുൽ റഫീഖ് ഒരു ദിവസം പോലും പൊലീസ് കസ്റ്റഡിയിലാകാതെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി.ഇരയായ കുട്ടിക്ക് അർഹമായ നീതി നിഷേധിക്കപ്പെട്ടെന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയും നിഷ്ക്രിയത്വവുമാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയതെന്നുമാണ് ഉയരുന്ന ആരോപണം.
രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടിൽവെച്ച് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൽ റഫീഖ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവും ഇതിന് കൂട്ടുനിന്നെന്നാണ് കേസ്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മർദിച്ചും രണ്ടുവർഷത്തോളം ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തതായാണ് ആരോപണം.
കുട്ടിയുടെ പഠനത്തിൽ പിന്നാക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പത്ത് മാസം മുൻപ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിൽ അബ്ദുൽ റഫീഖിനെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയുമാക്കി. മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ഇതിനിടെ ഒന്നാം പ്രതിയായ അബ്ദുൽ റഫീഖ് വിദേശത്തേക്ക് കടന്നിരുന്നു.
പ്രതി വിദേശത്തേക്ക് കടന്ന സമയത്ത് ഇയാൾക്കെതിരെ അബ്സ്കോണ്ടിങ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും നെടുമ്പാശ്ശേരി ഉൾപ്പെടെ രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, ഒരു മാസം മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി പ്രതി നാട്ടിൽ തിരിച്ചെത്തിയിട്ടും പയ്യോളി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നാണ് ആരോപണം. പൊലീസിന്റെ ഈ അനാസ്ഥയാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയതെന്നും കുടുംബവും നാട്ടുകാരും ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾ പയ്യോളി പൊലീസ് നിഷേധിച്ചു. പ്രതി നാട്ടിലെത്തിയപ്പോൾ കേസുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും ചോദിക്കാതെ കോടതി നേരിട്ട് പ്രതിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. അബ്ദുൽ റഫീഖ് ഒളിവിൽ പോയ സമയത്തുതന്നെ അബ്സ്കോണ്ടിങ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വിഷയത്തിൽ നാട്ടുകാരും ബാലാവകാശ പ്രവർത്തകരും ചേർന്ന് വടകരയിലെ പ്രതിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിയുടെ ജാമ്യം റദ്ദാക്കി ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും വടകര റൂറൽ എസ്.പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പയ്യോളി പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.