കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി ആര്‍.എം.പി നേതാവ് കെ.കെ.രമ എം.എല്‍.എ. നവീന്‍ ബാബുവിന്റെ ആത്മഹത്യത്തെയെത്തുടര്‍ന്ന് ഒളിവില്‍ പോയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരഗണിക്കുന്ന പശ്ചാത്തലത്തിലാണ് കെ.കെ രമയുടെ ആരോപണം. വലിയ ഗൂഢാലോചന ഇതിനകത്ത് നടന്നിട്ടുണ്ടെന്നും കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ തുടര്‍ച്ചയാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ എത്തി നില്‍ക്കുന്നതെന്നും കെ.കെ.രമ ആരോപിച്ചു.
'ഏറ്റവും നല്ല ഉദ്യോഗസ്ഥനാണെന്ന് ജില്ലാ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ഒരാള്‍ക്കെതിരെയാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിക്കുന്നത്. അതു തന്നെ ദുരൂഹമാണ്. വളരെ കൃത്യമായ പ്ലാനിങ്ങാണ് ഇതിനുപിന്നിലുള്ളത്. വലിയ ആലോചന ഇതിനകത്ത് നടന്നിട്ടുണ്ട്. കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണിത്. ദുരൂഹമാണ്. കൊലപാതകമാണ് എന്നു സംശയിക്കുന്ന എല്ലാ തെളിവുകളിലേക്കും നയിക്കുന്നുണ്ട്. നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ചു കണ്ടെത്തണം. അതിന് കേരളത്തിന് പുറത്തുള്ള ഒരു ഏജന്‍സിക്ക് മാത്രമേ ഇതു സാധിക്കുകയുള്ളൂ. ആ ഏജന്‍സിക്ക് അന്വേഷണം കൈമാറണം'-കെ.കെ രമ പറഞ്ഞു.