
കുറ്റ്യാടി: വീട്ടിൽ സൂക്ഷിച്ച 34 കിലോയിലേറെ കഞ്ചാവ് പിടികൂടി. കമ്മനത്താഴ എന്ന സ്ഥലത്ത് പുത്തൻപുരയിൽ സുബൈർ വീട്ടിൽ സൂക്ഷിച്ച 34.186 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. നാദാപുരം ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറ്റ്യാടി എസ് ഐ സമീറിന്റെ നേതൃത്വത്തിൽ നാദാപുരം ഡി.വൈ.എസ്.പിയു ടെ സ്പെഷ്യൽ സ്ക്വാഡും കുറ്റ്യാടി പോലീസും ചേർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതി ഒളിവിലാണ്. പോലീസ് എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷവും 500ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഓട്ടോ ഡ്രൈവറായ സുബൈറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥികൾക്ക് ഉൾപ്പടെ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ കഞ്ചാവിന് മാർക്കറ്റിൽ 50 ലക്ഷം രൂപ വിലവരും. ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും പാക്കറ്റുകളും വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു.