കുറ്റ്യാടി: നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. കുറ്റ്യാടി മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ അസംബ്ലിയിൽ ചർച്ചചെയ്തു. ഇനിയും പട്ടയം അനുവദിച്ചിട്ടില്ലാത്ത കൈവശക്കാർക്ക് ഉടനെ അനുവദിക്കാനുള്ള നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫീസർ, പഞ്ചായത്ത് അധികൃതർ, തഹസിൽദാർ എന്നിവർക്ക് നിർദേശം നൽകി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടികെ മോഹൻദാസ്, ഡെപ്യൂട്ടി തഹസിൽദാർ ശാലിനി, തോടന്നൂർ ബി.ഡി.ഒ, മണിയൂർ, പാലയാട്, ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി, വേളം, തിരുവള്ളൂർ , പുറമേരി , കോട്ടപ്പള്ളി വില്ലേജ് ഓഫീസർമാർ ,ലാൻഡ് ട്രിബ്യൂണൽ എച്ച് എം ഒ അനിൽ, റവന്യൂ ഇൻസ്പെക്ടർ രതീഷ്, കുറ്റ്യാടി മണ്ഡലത്തിലെ ജനപ്രതിനിധികൾ എന്നിവർ അസംബ്ലിയിൽ പങ്കെടുത്തു.
നോഡൽ ഓഫീസർ സുധീർ വികെ സ്വാഗതം പറഞ്ഞു. ഇതുവരെ 7000 ലാൻ്റ് ട്രിബൂണൽ പട്ടയങ്ങൾ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാത്രം 2000 പട്ടയങ്ങൾ അനുവദിച്ചു. ഇതിൽ കുടികിടപ്പ്ഉൾപ്പെടെ അമ്പതിൽ അധികം വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളസർക്കാറിന്റെ എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പട്ടയം ലഭിച്ചവരും ഉൾപ്പെടും. കഴിഞ്ഞദിവസം ചെറുവണ്ണൂർ വില്ലേജിലെ പാറക്കാത്ത് മീത്തൽ ഗോപാലന്, തഹസിൽദാർ വീട്ടിൽ എത്തി വില്ലേജ് ഓഫീസർ ,വാർഡ് മെമ്പർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പട്ടയം കൈമാറിയിരുന്നു.