കുറ്റ്യാടി: സഹോദരനുമായി കളിക്കുന്നതിനിടയിൽ വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിനടന്ന ബാലനെ യുവാവിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ സുരക്ഷിതമായി കുടുംബത്തിന് കൈമാറി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വീട്ടിലെ നാലുവയസ്സുകാരൻ കളിക്കുന്നതിനിടയിൽ സംസ്ഥാന പാതയിലേക്ക് ഇറങ്ങിനടന്നത്. അതുവഴി സൈക്കിളിൽ പോകുകയായിരുന്ന എളേച്ചുകണ്ടി ശ്രാവൺ ഉടനെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ എൻ.സി. സനീഷ് കുമാർ കുട്ടിയെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി വിശ്രമകേന്ദ്രത്തിൽ എത്തിച്ചു.
വനിത സിവിൽ പോലീസ് ഓഫീസർ അഖില കുട്ടിയുമായി സംസാരിച്ചെങ്കിലും വീട്ടുകാരുടെ വിവരമൊന്നും ലഭിച്ചില്ല. സബ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ വീട്ടുകാരെ കണ്ടെത്തുകയായിരുന്നു. പിതാവ് എത്തിയതിനുശേഷം പോലീസ് കുട്ടിയെ കൈമാറി. വീട്ടിൽനിന്ന് ഏകദേശം നാനൂറ് മീറ്ററോളം റോഡിലൂടെ കുട്ടി നടന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്താൻ സഹായിച്ച സബ് ഇൻസ്പെക്ടർ സനീഷ് കുമാർ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെയും ശ്രാവണിനെയും നാട്ടുകാരും ബന്ധുക്കളും അഭിനന്ദിച്ചു.