
കുറ്റ്യാടി: മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ ആരംഭിച്ച ബഹുജന വിദ്യാഭ്യാസ കൂട്ടായ്മ സ്മാർട്ട് കുറ്റ്യാടി അറിവുത്സവം പരിപാടി സംഘടിപ്പിച്ചു. നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിയോജകമണ്ഡലത്തിലെ 99 എൽ പി സ്കൂളുകൾക്കായി വാങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു. പരിപാടി ചെമ്മരത്തൂർ മാനവീയം ഹാളിൽ വച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. സർഗാത്മകതയാണ് ജീവിതലഹരി എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. 5 ലക്ഷം രൂപയോളം വില വരുന്ന പുസ്തകങ്ങൾ മണ്ഡലത്തിലെ 99 എൽപി സ്കൂൾ ലൈബ്രറികൾക്ക് സംഭാവന ചെയ്തു. എൽ പി സ്കൂൾ ലൈബ്രറികൾ ശക്തികരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ മുഴുവൻ എൽ പി സ്കൂളുകൾക്കും ഗ്രന്ഥശേഖരം സംഭാവന നൽകിയത്.
പ്രധാനമായും ബാലസാഹിത്യകൃതികളാണ് എൽപി സ്കൂളുകൾക്കായി വാങ്ങിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ ,ഗ്രാമപഞ്ചായത്ത് മെമ്പർ പി പി രാജൻ, തോടന്നൂർ ബിപിസി സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്വരാജ് ട്രോഫി നേടിയ മണിയൂർ ഗ്രാമപഞ്ചായത്തിനുള്ള സ്മാർട്ട് കുറ്റ്യാടിയുടെ പുരസ്കാരം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷറഫ്ഏറ്റുവാങ്ങി. ഭാഷാശ്രീ പുരസ്കാര ജേതാവ് പി പി രാധാകൃഷ്ണനെ അനുമോദിച്ചു. സ്വാഗതസംഘം കൺവീനർ പി കെ ശ്രീധരൻ സ്വാഗതവും സ്മാർട്ട് കുറ്റ്യാടി കൺവീനർ പി കെ അശോകൻ നന്ദിയും പറഞ്ഞു.