തിരുവനന്തപുരം: നടനും എംൽഎയുമായ എം. മുകേഷ് സ്ഥാനമൊഴിയാൻ തയ്യാറാകണമെന്ന് കെ.കെ. രമ എം.എൽ.എ . വലിയ പ്രതിസന്ധിയിലൂടെയാണ് സി.പി.എം. കടന്നുപോകുന്നത്.ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരേ ഉയർന്നുവരുന്നത്. നേരത്തെ, ഈ വിഷയത്തിൽ കേസ് എടുക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ രാജി സി.പി.എം. ചോദിച്ചു വാങ്ങണം. ധാർമികമായി ഒരു നിമിഷം പോലും എം.എൽ.എ. സ്ഥാനത്ത് തുടരാൻ മുകേഷിന് അർഹതയില്ല. ആവശ്യമെങ്കിൽ, സ്പീക്കറുടെ അനുവാദത്തോടെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണം.
സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയിലെ അംഗമാണ് മുകേഷ്. ഇദ്ദേഹത്തെ വച്ചാണ് സർക്കാർ നയമുണ്ടാക്കുന്നത്. സ്വന്തം ഭാര്യയെ പോലും ശാരീരികവും മാനസികവുമായി തകർത്ത വ്യക്തി. ഈ സമിതിയിൽ നിന്നും മുകേഷിനെ പുറത്താക്കണം. സ്ത്രീകൾ തലപ്പത്തുള്ള നയരൂപീകരണ സമിതിയുണ്ടാക്കേണ്ടതുണ്ട്.
'സ്ത്രീപക്ഷ സർക്കാരായിരുന്നു കേരളത്തിലേതെങ്കിൽ ഇത്തരം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തന്നെ പ്രതിഷേധത്തിന് കാത്ത് നിൽക്കാതെ ആരോപണവിധേയരെ സ്ഥാനത്ത് നിന്നും നീക്കേണ്ടതായിരുന്നു. ഈ വിഷയം സർക്കാരിന് മുന്നിലെത്തിയിട്ട് നാലര വർഷമായി. ഇത്രയും കാലം ഇത് പൂഴ്ത്തിവെച്ചവരാണ് ഇപ്പോൾ ഇരകളുടെ ഒപ്പമാണെന്ന് പറയുന്നത്. ഒരു പേജെങ്കിലും മറിച്ചു നോക്കിയിട്ടുണ്ടോയെന്ന് എന്ന് നമുക്കറിയില്ല. ഇനി നോക്കിയെങ്കിൽ ഇത്രയും കാലം അവർ മിണ്ടിയില്ല', കെ.കെ. രമ പറഞ്ഞു.