
കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ശിവസൂര്യയുടെ അച്ഛൻ ജിഗീഷിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്.അതേസമയം, വാരണാസിയിൽ പരിശോധന നടത്തിയ പൊലീസ് അന്വേഷണസംഘം മടങ്ങിയിരുന്നു. കുട്ടി വാരണാസിയിൽ എത്തിയതുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടംഗ അന്വേഷണസംഘം മടങ്ങിയത്.
ആഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിലുള്ള മനോവിഷമത്തിൽ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതിവെച്ച് ശിവസൂര്യ നാടുവിട്ടത്. കുട്ടിയെ കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നേരത്തെ പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.