
വടകര: അധ്യാപകർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ മൂന്ന് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻ.ഡി.പി.എസ് കോടതിയുടേതാണ് നടപടി. ബി.ആർ.സിയിലെ അധ്യാപകരായ മൂന്നാം പ്രതി കാവ്യ, നാലാംപ്രതി നീഷ്മ, അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
വടകര എം.ഡി.എം.എ വിൽപന, സാമ്പത്തിക ഇടപാട് കേസിൽ വയനാട് സ്വദേശിയായ ഷിന്റോയാണ് മുഖ്യപ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.