
കോഴിക്കോട് : താമരശ്ശേരിയിൽ 20 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുപ്പാടി കല്ലടിക്കുന്നുമ്മൽ അനീഷ് (38), പുതുപ്പാടി പുഴക്കുന്നുമ്മൽ പി എസ് സജിത്ത് (24) എന്നിവരെ താമരശേരി ഡിവൈഎസ്പി കെ എ ബോസ് അറസ്റ്റ് ചെയ്തത്. പെരുമ്പള്ളി സ്വദേശിയായ 20 കാരിയാണ് അതിക്രമത്തിനിരയായത്.
കഴിഞ്ഞ ഏപ്രിലിൽ നരിക്കുനിയിൽ വച്ച് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. തുടർന്ന് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പരാതിയിൽ പറഞ്ഞു. പിതാവിന്റെ സുഹൃത്തുകളായ പ്രതികൾ ജോലിചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു യുവതി. ഇവരുമായി പ്രതികൾ സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പ്രതികൾ പെൺകുട്ടിയെ ഇരയാക്കിയിരുന്നത്.നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി ജോലി കഴിഞ്ഞ് മടങ്ങവെ ബസിലെ ജീവനക്കാർ കാണുകയും സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തികൊണ്ട് ബസിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് നിർത്തിയിട്ട ബസിനുള്ളിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.