
ചെന്നൈ: അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ ഭാര്യ കാർത്തികയെ അന്വേഷിച്ച് അവളുടെ വീട്ടിലെത്തിയതാണ് സിദ്ധാർത്ഥൻ. അവിടെ എത്തിയപ്പോഴാണ് മറ്റൊരാളും തന്റെ ഭാര്യ കാർത്തികയെ കാണാനില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയാളുടെ പേര് രഞ്ജിത് കുമാർ. ഭാര്യ തന്റേതാണെന്ന് ഇരുവരും അവകാശപ്പെട്ടതോടെ രണ്ട് ഭർത്താക്കന്മാരും തമ്മിൽ തർക്കമായി. ഇതിനിടെ, വീട്ടിൽ കയറി രണ്ടുപേർ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കാർത്തികയുടെ മാതാവെന്ന് പരിചയപ്പെടുത്തിയ സ്ത്രീ പോലീസിനെ വിളിച്ചു. പോലീസ് എത്തിയതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കാർത്തികയുടെ വീടെന്ന് പറഞ്ഞിരുന്നത് യഥാർഥത്തിൽ അവളുടെ വീടായിരുന്നില്ലെന്നും അവിടെ ഉണ്ടായിരുന്നവർ മാതാപിതാക്കളുമല്ലെന്നും വ്യക്തമായി. എല്ലാവരെയും കബളിപ്പിക്കാൻ കാർത്തിക ഒരുക്കിയ നാടകമായിരുന്നു ഇതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ യുവതിയുടെ നേതൃത്വത്തിൽ നടന്നതായി ആരോപിക്കുന്ന വിവാഹത്തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവന്നത്.
കോവിൽപട്ടി സ്വദേശിയായ കാർത്തിക രണ്ടുമാസത്തിനിടെ രണ്ടുപേരെ വിവാഹം കഴിച്ചതായാണ് വിവരം. കാർത്തികയുടെ വീടെന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഭാര്യയെ അന്വേഷിച്ചെത്തിയ രണ്ട് ഭർത്താക്കന്മാരും അപ്രതീക്ഷിതമായി മുഖാമുഖം കണ്ടുമുട്ടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. യുവാക്കളുടെ കുടുംബങ്ങളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം വിവാഹം കഴിഞ്ഞ് അധികം വൈകാതെ അപ്രത്യക്ഷയാകുന്നതായിരുന്നു കാർത്തികയുടെ രീതിയെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്.
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, സെപ്റ്റംബർ 13നാണ് തഞ്ചാവൂർ ജില്ലയിലെ ഉപ്പുണ്ടാർപട്ടി സ്വദേശിയായ സിദ്ധാർത്ഥനും കാർത്തികയും വിവാഹിതരായത്. ഇടനിലക്കാർ വഴിയാണ് വിവാഹം ഉറപ്പിച്ചത്. ബ്രോക്കറേജ് ഇനത്തിൽ മൂന്ന് ലക്ഷം രൂപ നൽകിയതായി സിദ്ധാർത്ഥൻ പറയുന്നു. കൂടാതെ, വിവാഹസമ്മാനമായി കാർത്തികയ്ക്ക് മൂന്ന് പവൻ സ്വർണാഭരണങ്ങൾ നൽകുകയും വിവാഹത്തിനായി ഏകദേശം 15 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കാർത്തിക സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇത് വിശ്വസിച്ച സിദ്ധാർത്ഥൻ ചികിത്സയ്ക്കായി പണവും നൽകിയാണ് ഭാര്യയെ യാത്രയാക്കിയത്. എന്നാൽ പിന്നീട് കാർത്തിക തിരിച്ചെത്തിയില്ല. ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം അമ്മ ആശുപത്രിയിലാണെന്നും ചികിത്സയിലാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. വിവാഹശേഷമുള്ള ആദ്യ ദീപാവലിക്ക് മുമ്പെങ്കിലും അവൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സിദ്ധാർത്ഥൻ.
എന്നാൽ കാർത്തികയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ സിദ്ധാർത്ഥൻ ബന്ധുക്കളോടൊപ്പം കോവിൽപട്ടിയിലെ അവളുടെ വീട്ടിലെത്തി. അവിടെ കാർത്തികയുടെ മാതാപിതാക്കളെന്ന് പരിചയപ്പെടുത്തിയ മുനീശ്വരിയെയും മാരിയപ്പനെയും കണ്ടു. എന്നാൽ കാർത്തിക മുത്തശ്ശിയെ പരിചരിക്കുന്നതിനായി മധുരയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു ഇവരുടെ മറുപടി.
ഇതിനിടെയാണ് കാർത്തികയെ അന്വേഷിച്ച് മറ്റൊരാൾ കൂടി അവിടെയെത്തിയത്. നാമക്കൽ ജില്ലക്കാരനായ രഞ്ജിത് കുമാറായിരുന്നു അത്. തന്റെ ഭാര്യയെ അന്വേഷിച്ചെത്തിയ മറ്റൊരാളെ കണ്ട സിദ്ധാർത്ഥൻ ഞെട്ടി. തുടർന്ന് ഇരുകുടുംബങ്ങളും തമ്മിൽ സംസാരിച്ചതോടെയാണ് രഞ്ജിത്തും കാർത്തികയെക്കുറിച്ച് അന്വേഷിച്ചാണ് എത്തിയതെന്ന് വ്യക്തമായത്. നവംബർ ഒന്നിനാണ് താൻ കാർത്തികയെ വിവാഹം കഴിച്ചതെന്ന് രഞ്ജിത് കുമാർ പറഞ്ഞു.
ഒരു വിവാഹം, രണ്ട് വിവാഹം, മൂന്ന് വിവാഹം...
വിവരം പുറത്തുവന്നതോടെ ഇരുവരും തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസിലാക്കി. സിദ്ധാർത്ഥൻ സെപ്റ്റംബറിലും രഞ്ജിത് നവംബറിലുമാണ് കാർത്തികയെ വിവാഹം കഴിച്ചതെന്ന് വ്യക്തമായി. ഇതോടെ കാർത്തികയുടെ മാതാപിതാക്കളെന്ന് പറഞ്ഞിരുന്ന മുനീശ്വരിയോടും മാരിയപ്പനോടും ഇരുവരും കാര്യങ്ങൾ ചോദിച്ചു.
കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസിലായതോടെ കാർത്തികയെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും എന്തെങ്കിലും അറിയണമെങ്കിൽ പോലീസിനെ സമീപിക്കണമെന്നും ഇവർ പറഞ്ഞു. ഇതിനിടെ മുനീശ്വരി സംഭവത്തിന്റെ വീഡിയോ ഫോണിൽ പകർത്തുകയും യുവാക്കളെ മർദിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തർക്കിക്കുകയും ചെയ്തു. തുടർന്ന് നാമക്കലിൽ നിന്നുള്ള ചിലർ വീട്ടിൽ അതിക്രമിച്ചുകയറി തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അവർ പോലീസിന്റെ എമർജൻസി നമ്പറായ 100ൽ വിളിച്ചു.
പോലീസ് സ്ഥലത്തെത്തി എല്ലാവരെയും ചോദ്യം ചെയ്തതോടെയാണ് മറ്റൊരു ട്വിസ്റ്റ് പുറത്തുവന്നത്. താൻ കാർത്തികയുടെ പിതാവല്ലെന്നും വിവാഹ ബ്രോക്കറാണെന്നും മാരിയപ്പൻ വെളിപ്പെടുത്തി. കാർത്തിക തന്റെ മകളല്ലെന്നും അനന്തരവളാണെന്നും മുനീശ്വരിയും സമ്മതിച്ചു. വിവാഹത്തട്ടിപ്പ് നടത്തുന്നതിനായി ഇരുവരും മാതാപിതാക്കളായി അഭിനയിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.
സിദ്ധാർത്ഥനും രഞ്ജിത് കുമാറും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാർത്തിക, മുനീശ്വരി, മാരിയപ്പൻ എന്നിവർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മുനീശ്വരിയെയും മാരിയപ്പനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മറ്റൊരു വിവരവും പുറത്തുവന്നത്. മധുര സ്വദേശിയായ മറ്റൊരു യുവാവുമായി കാർത്തികയുടെ വിവാഹം നടത്താനുള്ള നീക്കവും സംഘം നടത്തിയിരുന്നതായാണ് വിവരം.
കോവിൽപട്ടിയിലെ ക്ഷേത്രത്തിലേക്ക് വരന്മാരെ വിളിച്ചുവരുത്തി കാർത്തികയെ കാണിക്കുന്നതായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം. വധുവിന്റെ അമ്മയ്ക്ക് ഗുരുതര രോഗമാണെന്ന് വിശ്വസിപ്പിച്ച് വിവാഹം വേഗത്തിൽ നടത്തുകയും, വിവാഹം കഴിഞ്ഞ് അധികം വൈകാതെ അമ്മയുടെ രോഗം ചൂണ്ടിക്കാട്ടി വരന്റെ വീട്ടിൽനിന്ന് കാർത്തികയെ മാറ്റുകയും ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് പോലീസ് പറയുന്നു. ഇതിനിടയിൽ സ്വർണവും പണവും കൈക്കലാക്കാനും സംഘം ശ്രമിച്ചിരുന്നു.
മുനീശ്വരിയുടെയും മാരിയപ്പന്റെയും മൊഴികൾ പോലീസിൽ കൂടുതൽ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. സിദ്ധാർത്ഥനും രഞ്ജിത്തും മാത്രമാണോ കാർത്തികയുടെ ഇരകൾ, അതോ സമാനരീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുകയാണ്. യുവാക്കളുടെ കുടുംബങ്ങളിൽ നിന്ന് കൈപ്പറ്റിയ സ്വർണവും പണവും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എങ്ങനെയാണ് ഉപയോഗിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
രണ്ട് പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം; കാർത്തിക ഒളിവിൽ
കേസിലെ പ്രതികളായ മാരിയപ്പനും മുനീശ്വരിക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. എന്നാൽ കാർത്തിക ഇപ്പോഴും ഒളിവിലാണ്. കേസിൽ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് സിദ്ധാർത്ഥനും രഞ്ജിത്തും രംഗത്തെത്തി. തങ്ങൾ നൽകിയ പരാതിയിലെ വിവരങ്ങൾ തിരുത്തി പ്രതികൾക്ക് അനുകൂലമായ രീതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും അതുകൊണ്ടാണ് ഇവർക്ക് ജാമ്യം ലഭിച്ചതെന്നും യുവാക്കൾ ആരോപിച്ചു.
പരാതിയിലെ നിർണായക വിവരങ്ങൾ പോലീസ് മാറ്റിയെഴുതിയതായും സമാനമായ രീതിയിൽ ഈ സംഘം മറ്റുപലരെയും വഞ്ചിച്ചിട്ടുണ്ടെന്നും പരാതിക്കാരുടെ അഭിഭാഷകൻ ശരവണൻ മാധ്യമങ്ങളോട് പറഞ്ഞു. കാർത്തികയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പോലീസ് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, കേസിനെ ഗൗരവമായാണ് കാണുന്നതെന്നും കാർത്തികയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. കാർത്തിക ഒളിവിൽ തുടരുകയും കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന ആരോപണം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവാഹത്തട്ടിപ്പിന്റെ വ്യാപ്തിയും ഇതിൽ ഉൾപ്പെട്ട ഇടനിലക്കാരുടെ പങ്കും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.