മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്നവകാശപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ അറസ്റ്റില്‍. വനംവകുപ്പിന്റെ പരാതിയിലാണ് നടപടി. ഇന്നലെയാണ് ജെറിന്‍ നാട്ടില്‍ കടുവയെ കണ്ടെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തു. താന്‍ നേരിട്ട് പകര്‍ത്തിയതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ജെറിന്‍ കടുവയെ കണ്ട അനുഭവം ചാനലുകളോട് ഫോണില്‍ വിശദമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിലാണ് ജെറിന്‍ കുറ്റസമ്മതം നടത്തിയത്. കടുവയുടെ ദൃശ്യങ്ങള്‍ താന്‍ എഡിറ്റ് ചെയ്താണെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്.തുടര്‍ന്നാണ് വനംവകുപ്പ് പോലീസില്‍ പരാതി നല്‍കുന്നത്. ജനങ്ങളില്‍ ഭീതിപടര്‍ത്തല്‍, സര്‍ക്കാര്‍ വകുപ്പുകളെ തെറ്റിദ്ധരിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.