
തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അതുലിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഗാർഹിക പീഡനത്തിന് പ്രതിക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.ആറ്റുകാൽ ചിറമുക്ക് എസ്.എം.എൻ 5 അംബിക സദനത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന വർക്കല ചെമ്മരുതി വടശേരിക്കോണം വിളയിൽ ഹൗസിൽ ബൈജു- ജിനു ദമ്പതികളുടെ മകൾ ആരതിയാണ് (26) വെള്ളിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ചത്.
ബന്ധുക്കളുടെ പരാതിയിൽ കഴിഞ്ഞദിവസം ഭരതന്നൂർ സ്വദേശി അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇൻക്വസ്റ്റിൽ ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ 13 മുറിപ്പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഏറെനാളായി തർക്കമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസവും വാക്കുതർക്കമുണ്ടാകുകയും ആരതി മുറിയിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്‌തു. തുടർന്നാണ് മർദ്ദനത്തിന്റെ പാടുകൾ അമ്മയ്ക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുത്തത്. ഏറെനേരെ കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് അതുൽ സുഹൃത്തിനെയും ഭാര്യയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.