
വടകര: മണിയൂർ തെരുവ് ഗണപതി ക്ഷേത്രത്തിലെ താലിപ്പൊലി ഉത്സവത്തിനിടെ കെ പി കുഞ്ഞമ്മത്കുട്ടി എം.എൽ.എയെ കയ്യേറ്റം ചെയ്ത യു ഡി എഫ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ്.
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കുഞ്ഞമ്മത് കുട്ടിക്ക് നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെ നടന്ന ആക്രമണം പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള യുഡിഎഫ് - ആർ എം പി സംഘത്തിന്റെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എം.എൽ.എ ക്കൊപ്പമുള്ള ക്യാമറാടീമിനെ പിടിച്ച് തള്ളിയിട്ടതിന് ശേഷമാണ് കയ്യേറ്റം നടത്തിയത്.ഉത്സവപറമ്പുകളിൽ എല്ലാ മുന്നണികളുടെയും സ്ഥാനാർത്ഥികൾ സന്ദർശിക്കുന്നതും ഭക്തരുടെ ആഘോഷങ്ങളിൽ പങ്ക് ചേരുന്നതും സാധാരണ സംഭവമാണ്. പ്രത്യേകിച്ച് മണ്ഡലത്തിലെ എം എൽ എ എന്ന നിലയിൽ എല്ലാ വർഷത്തെയും ഉത്സവാവസരങ്ങളിൽ കുഞ്ഞമ്മത് കുട്ടി മാസ്റ്റർ മണിയൂർ തെരു ക്ഷേത്രത്തിലെത്താറുള്ളതാണ്. കുഞ്ഞമ്മത് കുട്ടി മാസ്റ്റർക്ക് നേരെ നടന്ന കയ്യേറ്റത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനപരമായി പ്രതിഷേധിക്കണമെന്നും മണ്ഡലത്തിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നിക്ഷിപ്ത ശക്തികളുടെ നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
കുറ്റ്യാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്കിടയിലെ സ്വാധീനവും മുന്നേറ്റവും കണ്ട് വിറളിപൂണ്ടാവാം യുഡിഎഫ് ആർ എം പി സംഘം ഇത്തരം കയ്യേറ്റങ്ങൾ നടത്തി പ്രകോപനം സൃഷ്ടിക്കാൻ നോക്കുന്നത്. ഇടതുപക്ഷ പ്രവർത്തകർ ഒരു പ്രകോപനങ്ങളിലും വീഴാതെ സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രവർത്തനം പൂർവാധികം ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.