
വടകര: മൂന്ന് ട്രെയിനുകൾക്ക് വടകരയിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം–വെരാവൽ എക്സ്പ്രസ് (16334 ), തിരുവനന്തപുരം–ഭാവ്നഗർ എക്സ്പ്രസ് (19259), എറണാകുളം–പൂനെ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22149, 22150) എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. വെരാവൽ, ഭാവ്നഗർ എക്സ്പ്രസുകൾ ഒരു ദിശയിൽ മാത്രമായിരുന്നു നിർത്തിയിരുന്നത്. ഇതോടെ ഇരുഭാഗത്തും സ്റ്റോപ്പ് ലഭിച്ചു. പൂനെ സൂപ്പർ ഫാസ്റ്റിന് ഇരുഭാഗത്തേക്കും സ്റ്റോപ്പ് ഉണ്ട്. ഷാഫി പറമ്പിൽ എംപി റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്നാണ് 3 ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചതെന്ന് എംപി ഓഫിസ് അറിയിച്ചു. ഗുജറാത്തിലേക്ക് 4 ട്രെയിനുകളാണ് വടകരയിൽ നിർത്തുന്നത്. ഓഖ, ഗാന്ധിധാം ട്രെയിനുകൾക്ക് നിലവിൽ ഇരുഭാഗത്തേക്കും സ്റ്റോപ്പ് ഉണ്ട്.
എന്നാൽ, വെരാവൽ, ഭാവ് നഗർ ട്രെയിനുകൾ തിരിച്ചുള്ള യാത്രയിൽ മാത്രമേ വടകരയിൽ നിർത്തിയിരുന്നുള്ളൂ. അങ്ങോട്ടേക്കുള്ള ട്രെയിനുകൾക്ക് സ്റ്റോപ് ലഭിച്ചതോടെ യാത്രക്കാർക്ക് വലിയ അനുഗ്രഹമായി. ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ കോഴിക്കോടും കണ്ണൂരും പോയാണ് ടിക്കറ്റ് റിസർവ് ചെയ്തിരുന്നത്. എറണാകുളം പൂനെ സൂപ്പർ ഫാസ്റ്റ് നേരത്തെ വടകരയിൽ നിർത്തിയിരുന്നു.
ഷാഫി പറമ്പിൽ എംപി ഒരു ദിശയിൽ മാത്രം സ്റ്റോപ്പുള്ള ട്രെയിനുകൾക്ക് സ്റ്റോപ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് നേരിട്ടും കത്തുകൾ മുഖേനയും പലതവണ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി. പൂനെ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ് അനുവദിച്ചതോടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും തീർഥാടന കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് വലിയ സൗകര്യമാണ് ലഭിക്കുക.