വടകര: പഴയ സ്റ്റാൻ്റ് വഴി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ഓട്ടം ദേശീയ പാത വഴിയാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. നാദാപുരം, തലശേരി ഭാഗങ്ങളിൽ നിന്നും വരുന്ന സ്വകാര്യ ബസുകളാണ് പെരുവാട്ടുംതാഴ- അഞ്ചു വിളക്ക് റോഡ് ഒഴിവാക്കി പുതിയ സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നത്. റെയിൽവെ സ്റ്റേഷൻ, കോടതി, ആർ.ടി ഒ. ഓഫീസ്, സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തിച്ചേരേണ്ട യാത്രക്കാരാണ് പെരുവഴിയിലാവുന്നത്. ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്ക് പലപ്പോഴും ട്രെയിൻ ലഭിക്കാത്ത അവസ്ഥയാണ്. സ്വകാര്യ ബസിൽ പുതിയ സ്റ്റാൻ്റിൽ വന്നിറങ്ങിയാൽ പഴയ സ്റ്റാൻ്റിലെത്താൻ ഓട്ടോയിൽ കയറണം. ബസ് ചാർജിന് പുറമെ 30 രൂപ ഓട്ടോയ്ക്ക് നൽകി വേണം യാത്രക്കാർക്ക് പഴയ സ്റ്റാൻ്റിലും റെയിൽവേ സ്റ്റേഷനിലും എത്താൻ. ജെ ടി ജെ ടി റോഡിൽ ഓവ്പാലം നിർമാണം നടക്കുന്നുണ്ട്. ഇവിടെ ട്രാഫിക്പൊലീസ് ഗതാഗത നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടികാട്ടിയാണ് സ്വകാര്യ ബസുകൾ തോന്നിയ പോലെ സർവ്വീസ് നടത്തുന്നത്.
ഇവിടെ രണ്ട് പൊലീസുകാരുടെ സ്ഥിര സാനിധ്യമുള്ളതിനാൽ ഗതാഗതം വലിയ തടസമില്ലാതെയാണ് നീങ്ങുന്നത്. ചില സമയങ്ങളിലുണ്ടാവുന്ന ചെറിയ ഗതാഗത കുരുക്ക് പരിഹരിക്കുന്നുമുണ്ട്. അഞ്ച് വിളക്കിന് സമീപത്തും ഹോം ഗാർഡിൻ്റ സേവനം ലഭിക്കുന്നുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് മലയോര മേഖലയിൽ നിന്നും വരുന്ന യാത്രക്കാരെ ദേശീയ പാത വഴി സഞ്ചരിച്ച് പുതിയ സ്റ്റാൻ്റിൽ ഇറക്കിവിടുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തേണ്ട സ്ത്രീകൾ പഴയ സ്റ്റാൻറ് ഒഴിവാക്കിയുള്ള ബസിൻ്റ ഓട്ടം ചോദ്യം ചെയ്തത് പ്രശ്നങ്ങൾക്കിടയാക്കുകയും ബസ് ദേശീയപാതയിൽ നിന്നും ടൗൺ ഹാൾ വഴി പഴയ സ്റ്റാൻ്റ് റോഡിലേക്ക് കയറ്റി അഞ്ച് വിളക്ക് റോഡിൽ യാത്രക്കാരെ ഇറക്കി തലയൂരുകയുമുണ്ടായി. പൊലീസ് നിർദ്ദേശമാണെന്നാണ് ബസ് ജീവനക്കാർ യാത്രക്കാരോട് പറഞ്ഞത്. എന്നാൽ പൊലീസിൽ വിളിച്ചതോടെ ഇങ്ങനെ നിർദ്ദേശമില്ലെന്ന് പറയുകയുണ്ടായി. യാത്രക്കാരെ പുതിയ സ്റ്റാൻറിലിറക്കുന്നത് ബസ്തൊഴിലാളികളും യാത്രക്കാരും തമ്മിൽ വാക്കേറ്റത്തിലും കൈയ്യാങ്കളിക്കും ഇടയാക്കുന്നുമുണ്ട്.