
വടകര: കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി അറസ്റ്റിലായ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കണ്ണൂർ തളിപ്പറമ്പ് ചുഴലി സ്വദേശി ചാലിൽ വയൽ സി ജാഫറിനെ (51)യാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 ജനുവരി 8 നാണ് കേസിനാസ്പദമായ സംഭവം.
ആന്തൂർ ധർമ്മ ശാല -പറശ്ശിനി കടവ് റോഡിലെ എഞ്ചിനീയറിങ്ങ് കോളേജിന് സമീപം വെച്ച് കെ എൽ -ജെ-3752 നമ്പർ കാറിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി പ്രതിയെ തളിപ്പറമ്പ് പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി കെ ജോർജ് ഹാജരായി.