കൊയിലാണ്ടി : പതിന്നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ഇരുപതുവർഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും വിധിച്ചു. ഇയ്യാട് എളേട്ടിൽ വീട്ടിൽ നിജിനെ (22) ആണ് കൊയിലാണ്ടി ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം. സുഹൈബ് പോക്സോനിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ശിക്ഷിച്ചത്. 2020-ലാണ് കേസിനാസ്പദമായ സംഭവം. തലക്കുളത്തൂർ സ്വദേശിനിയായ പെൺകുട്ടിയുമായി ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട പ്രതി, പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പിടികൂടി കുട്ടിയുടെ രക്ഷിതാക്കൾ പോലീസിന് കൈമാറുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി പെൺകുട്ടിയുടെ അച്ഛനെ പരിക്കേൽപ്പിച്ചിരുന്നു. എലത്തൂർ പോലീസ് രജിസ്റ്റർചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ബിജുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ പി. ജെതിൻ ഹാജരായി.