BREAKING NEWS
dateTHU 21 NOV, 2024, 6:04 PM IST
dateTHU 21 NOV, 2024, 6:04 PM IST
back
Homepolitics
politics
SREELAKSHMI
Sun Nov 17, 2024 01:43 PM IST
സന്ദീപ് വാര്യരുടെ വരവ് അറിഞ്ഞത് ടിവിയിലൂടെ ;എതിർപ്പ് രണ്ട് കാര്യങ്ങളോട് മാത്രമെന്നും കെ. മുരളീധരന്‍
NewsImage

തിരുവനന്തപുരം: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേയ്ക്ക് വന്നില്ലായിരുന്നെങ്കിലും പാലക്കാട് തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹത്തിന്റെ വരവിനെ എതിര്‍ത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തില്‍ പതിവുള്ളതാണ്. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. നാളെ ഇനി സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും ഞാന്‍ സ്വാഗതം ചെയ്യും. ബി.ജെ.പിയില്‍ നിന്ന് ചില കൗണ്‍സിലര്‍മാര്‍ വരുന്നുവെന്ന് വാര്‍ത്തയുണ്ട്. അതിനെയും ഞാന്‍ സ്വാഗതം ചെയ്യും.

സന്ദീപ് വാര്യരുടെ കാര്യത്തില്‍ എനിക്ക് രണ്ട് എതിരഭിപ്രായം മാത്രമേ ഉള്ളൂ. ഒന്ന് അദ്ദേഹം ഗാന്ധി വധത്തെ ന്യായീകരിച്ചു. രണ്ട് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചു. വിമര്‍ശനം രണ്ടുതരത്തിലുണ്ട്. രാഷ്ട്രീയപരമായും വ്യക്തിപരമായും വിമര്‍ശിക്കാം. സുരേന്ദ്രനെപ്പറ്റി സന്ദീപ് വാര്യര്‍ കഴിഞ്ഞദിവസം നടത്തിയത് രാഷ്ട്രീയപരമായ വിമര്‍ശനമാണ്. അത് ഞങ്ങളും അംഗീകരിക്കുന്നു. പക്ഷേ രാഹുല്‍ ഗാന്ധിയെപ്പറ്റി അദ്ദേഹം പറഞ്ഞത് അതല്ല. ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് മാത്രമാണ് സന്ദീപ് വാര്യരുടെ വരവിനെ ഞാന്‍ എതിര്‍ത്തത്. പക്ഷേ പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇന്നലെമുതല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുകാരനായി. ഇന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടതുമുതല്‍ അദ്ദേഹം യുഡിഎഫുകാരനുമായി. ഇനി അതില്‍ തുടര്‍ചര്‍ച്ചകളില്ല.

20-ാം തീയതി പാലക്കാട് തിരഞ്ഞെടുപ്പാണ്. ഇന്നലെ മുതല്‍ കോണ്‍ഗ്രസുകാരനായി മാറിയ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞങ്ങള്‍ ഒരു എതിരഭിപ്രായവുമില്ല. കോണ്‍ഗ്രസ് മുങ്ങിത്താഴുകയൊന്നുമില്ല. ആരുവന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകും. സന്ദീപ് വാര്യര്‍ വന്നില്ലായിരുന്നെങ്കിലും പാലക്കാട് കോണ്‍ഗ്രസ് ഉറപ്പായും ജയിക്കും. പാലക്കാട് തിരഞ്ഞെടുപ്പിനെക്കുറിച്ച് നന്നായി പഠിച്ചയാളാണ് ഞാന്‍. നൂറ് ശതമാനം വിജയം ഉറപ്പാണ്.

സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞത്. അതിന്റെ ആവശ്യമല്ലേ ഉള്ളൂ. ഞാന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലല്ലോ, ഞാന്‍ ഒരു എളിയ പ്രവര്‍ത്തകന്‍ അല്ലേ ? രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ എതിര്‍ത്തത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥിതിക്ക് അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അത് അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്', മുരളീധരന്‍ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE