കണ്ണൂര്‍: വളപ്പട്ടണത്തെ വീട്ടില്‍ വൻകവർച്ച നടന്നതിൽ പ്രതികരണവുമായി ഉടമയുടെ ബന്ധു. ലോക്കര്‍ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതെന്ന് അഷ്റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അതും കൃത്യമായി പൂട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോഷണത്തിന് പിന്നില്‍ അറിയുന്ന ആളുകളാണോയെന്ന് പറയാന്‍ കഴിയില്ല. മൂന്ന് കിടപ്പുമുറികളിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ മറ്റൊരു ബെഡ്റൂമിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ആ അലമാരയുടെ താക്കോല്‍ വേറെ മുറിയിലുമായിരുന്നു. മറ്റ് മുറികളില്‍ നിന്നൊന്നും വേറൊന്നും നഷ്ടപ്പെട്ടിട്ടില്ല.രണ്ടുപേര്‍ അടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചതെന്നും ജാബിര്‍ പറഞ്ഞു.
യാത്രയ്ക്ക് മുമ്പ് പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നില്ലെന്നും ദുബായിലും ബെംഗളൂരുവിലുമെല്ലാമായി സാധാരണയായിപോകുന്നവരാണെന്നും ജാബിർ പറഞ്ഞു. 30 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ട്. ഇതുവരെ ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. വീട്ടില്‍ തന്നെ ലോക്കര്‍ ഉണ്ടായിരുന്നത് കൊണ്ട് സ്വര്‍ണവും പണവും ബാങ്കില്‍ സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.