ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മന്‍മോഹന്‍ സിങ്ങിനെ ഇന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. 2004 മെയ് 22നാണ് ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളജില്‍ ചേര്‍ന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി.
മികച്ച സാമ്പത്തിക വിദഗ്ദ്ധനായി അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അദ്ധ്യാപകനായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയെന്നാണ് മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നരസിംഹറാവു മന്ത്രിസഭയിലെ ധനമന്ത്രി തുടങ്ങിയ പദവികളും ഡോ. മന്‍മോഹന്‍ സിംഗ് വഹിച്ചിരുന്നു.
1932ല്‍ പടിഞ്ഞാറന്‍ പഞ്ചാബിലെ ഗാഹ് (ഇപ്പോള്‍ പാകിസ്ഥാനില്‍) എന്ന സ്ഥലത്താണ് മന്‍മോഹന്‍ സിംഗ് ജനിച്ചത്. വിഭജനത്തിന് ശേഷം മന്‍മോഹന്‍ സിംഗിന്റെ കുടുംബം ഇന്ത്യയിലേക്ക് വരികയായിരുന്നു. ലോകപ്രശസ്തമായ ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് സിംഗ്. 1972 മുതല്‍ 1976 വരെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ധനകാര്യ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 1982-85 കാലയളവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി പ്രവര്‍ത്തിച്ചു.