വടകര: വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്തു നൽകുന്നതായി ശബ്ദസന്ദേശം പുറത്തു വന്നതിനു പിന്നാലെ സ്കൂളിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എം. സുലൈമാനെയാണ് സ്കൂൾ മനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. അധ്യാപകരേയും വിദ്യാർഥികളേയും അപമാനിക്കാൻ ശ്രമിച്ചു എന്നും അധ്യാപകരുടെ ഗ്രൂപ്പിൽ വന്ന സന്ദേശം ചോർത്തി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചുവെന്നുമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ കാരണായി പറയുന്നത്.
കുട്ടികളെ അനധികൃതമായി സഹായിക്കാൻ അധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നതായി സൂചിപ്പിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തു വന്നത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കിയത്.
പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു ലഭിച്ച ആളില്ലാ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിനെതിരെ പ്രചാരണം നടക്കുന്നത്. പരീക്ഷയുടെ ഇടവേളകളിലും പരീക്ഷ നടക്കുന്ന ദിവസങ്ങളിലും രാവിലെ 8.30 മുതൽ 9 വരെ സംശയ നിവാരണത്തിനായി അധ്യാപകർ സ്കൂളിലെത്താറുണ്ട്. ഇതിനെ വളച്ചൊടിച്ച് അനധികൃതമായി സഹായം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്.