വടകര: ബൈക്കില്‍ അനധികൃത വിദേശമദ്യവില്‍പന നടത്തുന്നയാൾ എക്‌സൈസ് പിടിയിൽ. പുറമേരി മുതുവടത്തൂര്‍ പച്ചോളതില്‍ അജേഷിനെയാണ് (46) എക്‌സൈസ് സംഘം പിടികൂടിയത്. ബീവറേജില്‍ നിന്ന് മദ്യം വാങ്ങി ആവശ്യക്കാര്‍ വിളിക്കുന്നതിനനുസരിച്ച് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. എടച്ചേരി തലായിയില്‍ കെഎല്‍ 18 ആര്‍ 8533 നമ്പര്‍ ബുള്ളറ്റ് ബൈക്കില്‍ മദ്യം വില്‍ക്കുമ്പോഴാണ് അജേഷ് പിടിയിലായത്. ഈ മേഖലയില്‍ സ്ഥിരമായി അനധികൃത മദ്യം വില്‍ക്കുന്ന അജേഷിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വടകരയിലെയും തൊട്ടില്‍പാലത്തേയും ബീവറേജ് ഷോപ്പുകളില്‍ നിന്ന് 24 കുപ്പി മദ്യമെങ്കിലും വാങ്ങി ആവശ്യക്കാര്‍ ഫോണ്‍ ചെയ്യുന്നതനുസരിച്ച് എത്തിക്കുകയും 150 രൂപ അധിക വിലക്ക് വില്‍ക്കുകയുമാണ് ചെയ്തുവന്നത്.
എക്‌സൈസിന്റെ കോഴിക്കോട് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വടകര എക്‌സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച മഫ്റ്റിയില്‍ എത്തിയവരടക്കമുള്ള സംഘം ഇയാളെ കൈയ്യോടെ പിടികൂടി. അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രമോദ് പുളിക്കൂലും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സുരേഷ് കുമാര്‍, സിവില്‍എക്‌സൈസ് ഓഫീസര്‍മാരായ ഷിരാജ്, മുസ്ബിന്‍, അനിരുദ്ധ്, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. 12 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. പ്രതിയുടെ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.