കല്‍പ്പറ്റ: സ്വന്തം ജീവനപ്പോലെ സ്‌നേഹിച്ച ജീപ്പ് ഉരുള്‍പൊട്ടലില്‍ നശിച്ച നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. ചൂരല്‍മല സ്വദേശി നിയാസിന്റെ ജീവിത മാര്‍ഗമായിരുന്ന 'വായ്പ്പാടന്‍' എന്ന ജീപ്പാണ് ഉരുള്‍ കൊണ്ടുപോയത്. ഉപജീവനത്തിനായി മറ്റുമാര്‍ഗങ്ങളില്ലാതെ പകച്ചുനില്‍ക്കുന്ന നിയാസിന് യൂത്ത് കോണ്‍ഗ്രസ് സഹായഹസ്തവുമായി എത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിയാസിന് വാഹനത്തോടുള്ള വൈകാരികത നമുക്ക് മനസ്സിലാവുമെന്നും ഉടന്‍ തന്നെ വാഹനം വാങ്ങി നല്‍കുമെന്നുമാണ് രാഹുല്‍ നിയാസിനെ അറിയിച്ചത്. പരപ്പനങ്ങാടിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ഫണ്ണീസും പകുതി പണം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. 'ഇത്രയും കാലം പൊന്നുപോലെ കൊണ്ടുനടന്ന വണ്ടിയായിരുന്നു. മൂന്നരകൊല്ലത്തിനടുത്തായി വണ്ടിയെടുത്തിട്ട്. പതുക്കെ ഓടി ലോണ്‍ അടച്ച് തീര്‍ന്നുവന്നതേയുള്ളൂ. എനിക്ക് വാഹനം വാങ്ങാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ എട്ടനാണ് വാങ്ങിതന്നത്. തകര്‍ന്ന വണ്ടിയിലേക്ക് എനിക്ക് നോക്കാന്‍ പോലും സാധിക്കുന്നില്ല. വീടും ഇല്ല. കൂടെപിറപ്പിനെപ്പോലെയായിരുന്നു വണ്ടി. അതുകൊണ്ട് വീട്ടുകാര്‍ക്കും വലിയ സങ്കടമാണ്. വണ്ടി കൂടെ ഉണ്ടായിരുന്നപ്പോള്‍ ഒരു സമാധാനമായിരുന്നു' എന്നായിരുന്നു നിയാസിൻ്റെ പ്രതികരണം.
'എന്റെ ലൈഫിലെ ആദ്യത്തെ വാഹനം ആക്ടീവയായിരുന്നു. ഇന്ന് അത് ഉപയോഗിക്കാനാവില്ല. ഇപ്പോഴും ഞാനത് സൂക്ഷിക്കുന്നുണ്ട്. സ്റ്റാര്‍ട്ട് ആക്കാന്‍ പോലും കഴിയില്ല. ഒരു വൈകാരികതയുടെ പുറത്ത് സൂക്ഷിക്കുകയാണ്. വണ്ടിയോടുള്ള നിയാസിന്റെ സ്‌നേഹം കണ്ടപ്പോള്‍ എനിക്കത് പെട്ടെന്ന് കണക്ട് ആയി. നിയാസിന്റെ 'സമാധാനത്തെ' ഞങ്ങള്‍ ഏല്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ പറയാനുള്ളത്. ആരും പ്രയാസം അനുഭവിക്കില്ല. നിയാസിന് വാഹനം വാങ്ങാന്‍ എത്ര തുകയാണോ വേണ്ടത് അത് യൂത്ത് കോണ്‍ഗ്രസ് നല്‍കും. ഗംഭീരമായ ജീപ്പ് തന്നെ നല്‍കും,' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ ഉപജീവനമാര്‍ഗമായ വാഹനം തിരിച്ചുകിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് നിയാസും പ്രതികരിച്ചു.