കൊച്ചി: കളമശ്ശേരിയിൽ അഞ്ച് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ. സ്വകാര്യ സ്കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാർഥികളാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്കൂളിലെ മൂന്ന് വിദ്യാർഥികളെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രോഗബാധയെ തുടർന്ന് സ്കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കൾക്ക് നിർദേശം നൽകി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.