
വടകര: മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭീമിന്റെ പാളികൾ തകർന്നു വീണു. ആർ ടി ഓഫിസിനും ലേബർ ഓഫീസിനും ഇടയിലുള്ള ഭീമിനോട് ചേർന്നുള്ള സീലിങ്ങിന്റെ കോൺക്രീറ്റ് പാളികളാണ് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ തകർന്നു വീണത്. ഇതിനു സമീപത്ത് തന്നെയാണ് ഈ കെട്ടിടത്തിലെ ശുചി മുറിയും ഉള്ളത് .രണ്ട് ഓഫീസുകളിലും വിവിധ ആവശ്യങ്ങൾക്കായി ധാരാളം പേർ വരാന്തയിൽ കാത്തിരിപ്പുണ്ടായിരുന്നു. കൂടാതെ ജീവനക്കാർ ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിനായി പുറത്തിറങ്ങിയ സമയവും. പുറത്ത് കാത്തിരുന്നവരുടെ സമീപത്താണ് കോൺക്രീറ്റ് പാളികൾ തകർന്നു വീണത്.
തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. ഈ കെട്ടിടത്തിന്റെ മുഴുവൻ ഭാഗവും തകർന്ന് തരിപ്പണമായി അപകടാവസ്ഥയിലായി നിൽക്കുകയാണ്. ജീവനക്കാരും മറ്റും ഭീതിയോടെയാണ് ജോലി ചെയ്തു വരുന്നത്. നിരവധി തവണ ഈ വിഷയങ്ങൾ അതികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. അപകടം വരുമ്പോൾ മാത്രമാണ് അധികൃതരുടെ കണ്ണ് തുറക്കുകയുള്ളൂ. ഉച്ചക്ക് 12 മണിയോടെയാണ് മാർക്കറ്റ് റോഡിലെ മൽസ്യ മാർക്കറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലേക്കുള്ള വഴിയിലെ മുകളിലത്തെ കോൺക്രീറ്റ് പാളികളും തകർന്ന് വീണത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വടകര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.