തിരുവനന്തപുരം: കൂട്ടക്കൊലയ്ക്കു കാരണം മൂന്നുപേരോടുള്ള അമിതസ്‌നേഹവും മറ്റു മൂന്നുപേരോടുള്ള അടങ്ങാത്ത പകയുമെന്ന് അഫാന്റെ മൊഴി.
കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചത്. കടുത്ത പ്രതിസന്ധിയിലും ആഭരണമോ പണമോ നൽകി സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരോടുള്ള പകയ്ക്കു കാരണം.
പണം കടംവാങ്ങി ധൂർത്തടിക്കുന്നുവെന്ന പേരിൽ ലത്തീഫ് വഴക്ക് പറയുകയും ഉപദേശിക്കുകയും ചെയ്തു. ഒന്നരലക്ഷം രൂപ ലത്തീഫ് മുൻപ് നൽകിയിരുന്നു. കൂടുതൽ പണം ചോദിച്ചെങ്കിലും നൽകിയില്ല.ഇതൊക്കെയാണ് ലത്തീഫിനോട് വിരോധമുണ്ടാകാൻ കാരണം.
കടക്കാരുടെ ശല്യം രൂക്ഷമായതോടെ എന്തു ചെയ്യണമെന്നറിയാത്ത നിലയിലായിരുന്നു. മാതാവിന്റെ ചികിത്സയ്ക്കുപോലും പണമില്ല. മാതാവിനെയും അനുജനെയും ഒറ്റയ്ക്കാക്കാനുള്ള മനസ്സുവന്നില്ല. താൻ ഇല്ലാതെ ഫർസാനയും ജീവിക്കേണ്ട എന്നതായിരുന്നു പെൺസുഹൃത്തിനെ കൊലപ്പെടുത്താനുള്ള കാരണം. ഫർസാന അനാഥയാവുമെന്നായിരുന്നു അഫാന്റെ വാദം.
ആദ്യം മാതാവിനെ, അവസാനം അനുജനെ
തിരുവനന്തപുരം : ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത് മാതാവ് ഷെമിയെയാണെന്ന് അഫാൻ. തിങ്കളാഴ്ച രാവിലെ 11ഓടെ കഴുത്തിൽ ഷാൾ ചുറ്റി ശ്വാസംമുട്ടിച്ച് ഷെമിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചെന്നുകരുതി മുറി പൂട്ടിയശേഷമാണ് ബാക്കി കൊലപാതകങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിയത്.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി. പണയത്തിനു സ്വർണം കൊണ്ടുവരാമെന്നു പറഞ്ഞ് 1400 രൂപ കടം വാങ്ങി. തുടർന്ന് ബാഗ്, ചുറ്റിക, എലിവിഷം എന്നിവ മൂന്നുകടകളിൽനിന്നു വാങ്ങി. ഇത് പോലീസ് പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാതാവ് മരിച്ചിട്ടില്ലെന്നു കണ്ടത്. തുടർന്ന് ചുറ്റിക ഉപയോഗിച്ച് മുഖത്തും തലയിലും അടിച്ചുവീഴ്ത്തി. തുടർന്നാണ് പാങ്ങോട്ടുള്ള മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലെത്തിയത്. അവരെ തലയ്‌ക്കടിച്ചുവീഴ്ത്തി മാല പൊട്ടിച്ചെടുത്തു. തിരിച്ച് വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിലെത്തി 74,000 രൂപയ്ക്ക് പണയം െവച്ചു. ഇതിൽനിന്ന് 40,000 രൂപ കടം വാങ്ങിയ ആൾക്ക് അയച്ചു.
ഇതിനുശേഷമാണ് പിതൃസഹോദരൻ ലത്തീഫിന്റെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തിയത്. തുടർന്ന് വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യപിച്ചു. ഇവിടെനിന്നു മദ്യവും വാങ്ങിയാണ് വീട്ടിലേക്കുപോയത്. ഈ സമയത്താണ് പെൺസുഹൃത്തായ ഫർസാനയെ സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തിയത്. മദ്യലഹരിയിലാണ് പെൺസുഹൃത്തിനെ കൊലപ്പെടുത്തിയത്. ഈ സമയത്ത് വീട്ടിലേക്കുവന്ന അനുജനെ ഒഴിവാക്കാനാണ് കുഴിമന്തി വാങ്ങാനായി ഓട്ടോയിൽ പറഞ്ഞുവിട്ടത്.
ഫർസാനയെ കൊലപ്പെടുത്തിയശേഷം താൻ വിഷം കഴിച്ചതായാണ് അഫാന്റെ മൊഴി. ആഹാരം വാങ്ങി തിരിച്ചെത്തിയ അഫ്‌സാനെ കൊലപ്പെടുത്തി. വീണ്ടും മദ്യപിച്ചശേഷമാണ് ഓട്ടോ വിളിച്ച് വെഞ്ഞാറമൂട് സ്‌റ്റേഷനിലെത്തിയതെന്നും മൊഴിയിൽ പറയുന്നു.