നാദാപുരം: തണ്ണീർപന്തലിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തി തൊഴിലാളികളെ മർദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പൊൻമേരി പറമ്പ് സ്വദേശികളായ കല്ലുള്ള പറമ്പത്ത് കുറ്റിയിൽ ഫൈസൽ ( 40 ) , പുളിക്കൂൽ നടുവിലക്കണ്ടിയിൽ അസ് ലം ( 29 ) , കുനിങ്ങാട് സ്വദേശി കോട്ടോള്ളതിൽ അജ്മൽ ( 29 ) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ അറസ്റ്റിലായതോടെ വടകര താലൂക്കിൽ ചൊവ്വാഴ്ച്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സൂചന പണിമുടക്കും 10 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സമരവും പിൻവലിച്ചു.
വടകര - തണ്ണീർ പന്തൽ റൂട്ടിൽ സർവീസ് നടത്തുന്ന അശ്വിൻ ബസിലെ തൊഴിലാളികളെയാണ് കഴിഞ്ഞ മാസം 11 ന് വൈകുന്നേരം കുനിങ്ങാട് സി സി മുക്കിൽ ബസ് തടഞ്ഞ് നിർത്തി മൂന്നംഗ സംഘം മർദ്ദിച്ചത്. കാറിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് പ്രതികളുടെ ആഡംബര കാർ റോഡിന് കുറുകെ നിർത്തി ബസ് തടഞ്ഞ് ജീവനക്കാരെ അക്രമിച്ചത്. തൊഴിലാളികളുടെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് വടകര - തണ്ണീർ പന്തൽ റൂട്ടിൽ തൊഴിലാളികൾ നാല് ദിവസത്തോളം പണിമുടക്ക് നടത്തിയിരുന്നു. ഇതിനിടയിൽ പ്രതികൾ ജില്ല കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി നാദാപുരം സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവുകയായിരുന്നു.