വണ്ടിപ്പെരിയാര്‍: ഗ്രാമ്പി പ്രദേശത്ത് ഭീതി പരത്തിയ കടുവ അരണക്കല്‍ എസ്റ്റേറ്റില്‍ ഇറങ്ങി. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടരക്ക് അരണക്കല്‍ എസ്റ്റേറ്റിലെ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ വളര്‍ത്തുനായയെയും ആക്രമിച്ച് കൊന്നു. വനപാലകര്‍ സ്ഥലത്തെത്തി. ഫെബ്രുവരി 23-ന് വള്ളക്കടവ് പൊന്‍നഗറിലാണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് മാര്‍ച്ച് രണ്ടിന് പോബ്‌സ് ഗ്രൂപ്പിന്റെ ഗ്രാമ്പി എസ്റ്റേറ്റില്‍ കടുവയെ കണ്ടിരുന്നു.
പിന്നീട് ഗ്രാമ്പി ഗവ. എല്‍.പി.സ്‌കൂളിന് സമീപം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി ഡ്രോണ്‍ നിരീക്ഷണം നടത്തി ഇവിടെ കൂട് സ്ഥാപിച്ചു. രണ്ടു ദിവസം തിരച്ചിൽ നടത്തി കടുവയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞായറാഴ്ച്ച വീണ്ടും വനപാലകർ ഇവിടെ എത്തിയെങ്കിലും കടുവ പ്രദേശം വിട്ടുപോയി.തേക്കടിയില്‍നിന്ന് ജെഫി എന്ന സ്‌നിഫര്‍ നായ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഞായറാഴ്ച്ച വൈകിട്ട് ആറോടെ വനം വകുപ്പ് തിരച്ചില്‍ അവസാനിപ്പിച്ചു. ഇതിന് ശേഷമാണ് തിങ്കളാഴ്ച്ച പുലര്‍ച്ചേ അരണക്കല്ലില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത്.