കൊച്ചി: ട്വന്റിഫോറിന്റെ മെഗാ പ്രീ പോൾ സർവേ- 24 ഇലക്ഷൻ അഭിപ്രായ സർവേ നാല് മണ്ഡലങ്ങളിലെ ഫലം പുറത്ത്. കഴിഞ്ഞ ദിവസമായിരുന്നു സർവേയുടെ ആദ്യ ദിനം. വടകര, പൊന്നാനി, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ സർവേ ഫലമാണ് പുറത്ത് വിട്ടത്. ആദ്യദിനം പുറത്തുവിട്ട നാല് മണ്ഡലങ്ങളിലെ ഫലത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഏറ്റവും കൂടുതൽ സാമ്പിളുകൾ ശേഖരിച്ചാണ് ട്വന്റിഫോർ സർവേ പൂർത്തിയാക്കിയത്. ഇത് അന്തിമ ഫലമല്ല. സ്വാധീന വിഷയങ്ങൾ മാറിമറിയുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോൾ വോട്ടർമാരുടെ മനസിലിരുപ്പ് അറിയാനുളള മൂഡ് ട്രാക്കറാണ് 24 അഭിപ്രായ സർവേ.
തീപാറും പോരാട്ടം പ്രതീക്ഷിക്കുന്ന വടകരയിൽ മത്സരം ശക്തം. എംഎൽഎമാരായ കെ കെ ഷൈലജയും ഷാഫി പറമ്പിലും നേർക്കുന്നേർ എത്തുമ്പോൾ വടകര ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പൊതുജനാഭിപ്രായം. എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ മുന്നിലെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 45.5ശതമാനത്തിന്റെ അഭിപ്രായം. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറന്പിലിനെ സർവേയിൽ പങ്കെടുത്ത 42.9 ശതമാനം പിന്തുണച്ചപ്പോൾ എൻ ഡിഎ സ്ഥാനാർത്ഥി പ്രഫുൽകൃഷ്ണയെ പിന്തുണച്ചത് 9.9 ശതമാനം പേരാണ്.
മുസ്ലിംലീഗിൻറെ പൊന്നാപുരം കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന പൊന്നാനി ഇത്തവണയും യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് സർവേ ഫലം. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദു സമദ് സമദാനിയെ സർവേയിൽ പങ്കെടുത്ത 48.1 ശതമാനം പിന്തുണച്ചപ്പോൾ. എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസയെ പിന്തുണച്ചത് 39.7ശതമാനം പേരാണ്. എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രമണ്യന് 8.3 ശതമാനത്തിന്റെ പിന്തുണയുണ്ട്. ആലപ്പുഴയിൽ എൽഡിഎഫും യുഡിഎഫും ശക്തമായ പോരാട്ടം കാഴ്ചവെയക്കും. സിറ്റിങ് എംപി എഎം ആരിഫിനെ പിന്തള്ളി യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ മുന്നേറുമെന്നാണ് സർവേ ഫലം. സർവേയിൽ പങ്കെടുത്ത 41.2 ശഥമാനം പേർ കെസി വേണുഗോപാലിനെ പിന്തുണച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എ എം ആരിഫിനെ പിന്തുണച്ചത് 39.7 ശതമാനം പേരാണ്. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെ 18 ശതമാനം പേർ പിന്തുണച്ചു ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ നേരിയ മുൻതൂക്കം എൽഡിഎഫിനുണ്ടെന്നാണ് സർവേ ഫലം.
കേന്ദ്രമന്ത്രിയെയും സിറ്റിങ് എംപിയെയും പിന്നിലാക്കി എൽ ഡി എഫ് സ്ഥാനാർത്ഥി വി ജോയ് മുന്നിലെത്തുമെന്ന് സർവേയിൽ പങ്കെടുത്ത 38.9 ശതമാനം പേർ അഭിപ്രായപ്പെട്ടു. udf സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ അടൂർ പ്രകാശ് തൊട്ടുപിന്നിലുണ്ട്. അടൂർ പ്രകാശിനെ 37.2ശതമാനം പേർ പിന്തുണച്ചപ്പോൾ വി മുരളീധരനെ സർവേയിൽ പങ്കെടുത്ത 23.3 പേർ പിന്തുണച്ചു.