തിരുവനന്തപുരം: കൗമാരകലയുടെ കനകകിരീടം തൃശൂരിലേയ്ക്ക്. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും.
കാല്‍നൂറ്റാണ്ടിനുശേഷമാണ്, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണം പേറുന്ന തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്. 1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 21 വര്‍ഷം കിരീടം സ്വന്തമാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ.
സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റോടെ ബഹുദൂരം മുന്നിലാണ് അവര്‍. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എന്‍.എം.എച്ച്.എസ് സ്‌കൂളാണ് മൂന്നാമത്.