പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുള്ള മർദനവും പീഡനവും വീണ്ടും ചർച്ചയാവുകയാണ്. ഇപ്പോൾ സോഷ്യൽ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ശരണ്യ എം ചാരു എന്ന പ്രൊഫൈലാണ് പെൺ കുഞ്ഞുങ്ങളോടാണ്, കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടികളോട് പ്രത്യേകമായിട്ടാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കല്യാണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ആര് പറഞ്ഞാലും അംഗീകരിച്ച് കൊടുക്കരുതെന്ന് കുറിപ്പിൽ പറയുന്നു.
അവനവന്റെ കാര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന സ്ത്രീകളാകാതിരിക്കുക എന്നത് നിങ്ങൾ നിങ്ങളോട് ചെയ്യേണ്ട മിനിമം മര്യാദയും ബഹുമാനവുമാണെന്ന് ശരണ്യ എം ചാരു കുറിപ്പിൽ പറയുന്നു. സ്ത്രീധനം വാങ്ങാൻ വേണ്ടി കല്യാണം കഴിക്കാൻ വരുന്ന ചെക്കന്മാരെ വേണ്ടെന്ന് പെൺകുട്ടികൾ ഇനിയെങ്കിലും സ്വയം തീരുമാനിക്കാൻ തയ്യാറാകണമെന്ന് കുറിപ്പിൽ ആവശ്യപ്പെടുന്നു. കുറിപ്പിന്റെ പൂർണരൂപം ചുവടെ.
പെൺ കുഞ്ഞുങ്ങളോടാണ്, കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടികളോട് പ്രത്യേകമായിട്ടാണ്.
കല്യാണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ആര് പറഞ്ഞാലും, സ്വന്തം അച്ഛനും അമ്മയും പറഞ്ഞാൽ പോലും അംഗീകരിച്ചു കൊടുക്കരുത്. അതൊരു ഹിമാലയൻ കള്ളമാണ്.
പഠിക്കുക, സ്വന്തമായി ഒരു ജോലി നേടുക. കുടുംബം മൊത്തത്തിൽ നോക്കാൻ മാത്രം വരുമാനമുള്ള ജോലി ഒന്നും കിട്ടിയില്ലെങ്കിലും അവനവന്റെ ആവശ്യങ്ങൾക്ക് മറ്റൊരാളിന്റെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാൻ കഴിയുന്ന ഏറ്റവും ചെറിയൊരു ജോലി എങ്കിലും നിങ്ങൾ തീർച്ചയായും സമ്പാദിച്ചിരിക്കണം. അത് നിങ്ങൾക്ക് തരുന്നൊരു ആത്മവിശ്വാസമുണ്ടല്ലോ പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോ മനസ്സിലാകില്ല അതിന്റെ ആഴം.
അവനവന്റെ കാര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന സ്ത്രീകളാകാതിരിക്കുക എന്നത് നിങ്ങൾ നിങ്ങളോട് ചെയ്യേണ്ട മിനിമം മര്യാദയും ബഹുമാനവുമാണ്. നിങ്ങളുടെ ആവശ്യങ്ങൾ, ഇഷ്ടങ്ങൾ ഇതൊന്നും മറ്റൊരാളിന്റെ കാശിനും സമയത്തിനും വേണ്ടി മാറ്റി വയ്ക്കാനുള്ളതല്ലെന്ന തിരിച്ചറിവ് കുറഞ്ഞത് നിങ്ങൾക്കെങ്കിലും സ്വയം ഉണ്ടായിരിക്കണം.
ഒരു ചായ കുടിക്കാൻ തോന്നിയാൽ, ഇഷ്ടപ്പെട്ട ഒരു ഡ്രെസ് വാങ്ങിക്കാൻ തോന്നിയാൽ, പ്രിയപ്പെട്ട ഒരു സ്ഥലത്തേക്ക് യാത്ര പോകാൻ തോന്നിയാൽ മറ്റൊരാളെ കാത്തു നിൽക്കാതെ, അയാൾക്ക് വേണ്ടി സമയം കളയാതെ അത് ചെയ്യാനുള്ള എബിലിറ്റി സ്ത്രീകൾക്ക് ഉണ്ടാവേണ്ടതുണ്ട്. സ്വന്തമായൊരു ജോലിയും വരുമാനവും മാത്രമാണ് അതിനുള്ള ഏക വഴി.
ഏതെങ്കിലും ഒരു വാഹനം, കുറഞ്ഞ പക്ഷം ഒരു സൈക്കിൽ എങ്കിലും നിങ്ങൾ ഓടിക്കാൻ പഠിച്ചിരിക്കണം. അത് നിങ്ങളെ ഇന്റിപ്പെന്റ്റ്റ് ആകുമെന്ന് മാത്രമല്ല, പ്രശ്നങ്ങളെ ഫേസ് ചെയ്യാൻ നിങ്ങൾക്ക് സെൽഫ് ഡ്രൈവിംഗ് നൽകുന്ന ധൈര്യവും ആത്മവിശ്വാസവും അപാരമായിരിക്കും. ഒറ്റയ്ക്കായാലും ജീവിക്കാൻ കഴിയുമെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ നിരവധി ഉണ്ടാകും. നിങ്ങൾ തീർച്ചയായും മുന്നോട്ട് പോകും.
പിന്നെ ഇതൊക്കെ കഴിഞ്ഞിട്ട്, നിങ്ങൾക്ക് കൂടി തോനുന്നുവെങ്കിൽ ഒരു പാട്നറെ നിങ്ങൾക്ക് സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. പക്ഷെ അയാൾ ഒരു പാട്നർ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ അധികാരി ആകാൻ സമ്മതിച്ചേക്കരുത്. കയ്യിലും കഴുത്തിലും ഒന്നുമില്ലാതെ മറ്റൊരു വീട്ടിൽ ചെന്ന് കയറിയാലുള്ള ജീവിതത്തെ കുറിച്ചൊക്കെ സ്വന്തം വീട്ടുകാർ ആദിപിടിക്കും, കുടുംബത്തിന്റെ ആധാരം പണയം വച്ചിട്ടും അവർ നിങ്ങൾക്ക് നിങ്ങളുടെ അളവിലും തൂക്കത്തിലും സ്വർണ്ണമോ പണമോ അവരുടെ സന്തോഷത്തിന്, നിങ്ങൾക്കുള്ള സമ്മാനമായിട്ടൊക്കെ തരാൻ ശ്രമിക്കും, ഒരു സന്തോഷവും സമ്മാനവുമല്ല, സ്ത്രീധനമാണ്, ഡൗറി… അത് രാജ്യത്ത് നിരോധിച്ചതാണ്. കൊടുക്കുന്നതും വാങ്ങുന്നതും കുറ്റവുമാണ്. അതോണ്ട് സ്ത്രീധനം വാങ്ങാൻ വേണ്ടി കല്യാണം കഴിക്കാൻ വരുന്ന ചെക്കന്മാരെ വേണ്ടെന്ന് പ്രിയപ്പെട്ട പെൺകുട്ടികൾ ഇനിയെങ്കിലും സ്വയം തീരുമാനിക്കാൻ തയ്യാറാകണം. നിങ്ങൾക്ക് വേണ്ടി ചെക്കനെ നോക്കുന്ന അളന്ന് തൂക്കി നിങ്ങളെ വിൽക്കാൻ ശ്രമിക്കുന്ന കുടുംബക്കാരോട് ഞാൻ അങ്ങനെ തൂക്കി വിൽക്കാനുള്ളൊരു മൊതലല്ലെന്നും മഞ്ജയും മാംസവും ആത്മവിശ്വാസവുമുള്ളൊരു പെണ്ണാണെന്ന് പറയാൻ നിങ്ങൾ തന്നെ ധൈര്യം കാണിക്കണം.
ഇനി, എന്നിട്ടും നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതൊക്കെ തന്നേ തീരൂ എന്ന് വാശിയുള്ള രക്ഷിതാക്കൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഒന്നുകിൽ അതിന് മാറ്റി വച്ച പണം നിങ്ങളുടെ പേരിൽ, ശ്രദ്ദിക്കണം നിങ്ങളുടെ പേരിൽ മാത്രം അക്കൗണ്ടിൽ ഇട്ട് തരാൻ പറയാൻ നിങ്ങൾക്ക് കഴിയണം, അല്ലെങ്കിൽ ആ കാശിന് ഒരു വീടോ, വീടെടുക്കാനുള്ള സ്ഥലമോ, താമസിക്കാനൊരു ഫ്ലാറ്റോ എന്താണെന്ന് വച്ചാൽ അതും നിങ്ങളുടെ പേരിൽ മാത്രം വാങ്ങിച്ചു നൽകാൻ പറഞ്ഞു നോക്കൂ. കുറഞ്ഞ പക്ഷം നാളെ ഒരു ദിവസം നിങ്ങൾക്ക് ആ ജീവിതത്തിൽ നിന്ന് ഇറങ്ങി നടക്കേണ്ടി വന്നാൽ ആ കാശോ വീടോ, സ്ഥലമോ, ഫ്ലാറ്റോ നിങ്ങൾക്ക് ഉപകരിച്ചേക്കും. സമൂഹത്തെ ഭയന്ന്, കുടുംബക്കാരെ ഭയന്ന് സഹിക്കാനും പൊറുക്കാനും അഡ്ജസ്റ്റ് ചെയ്യാനും ആരെങ്കിലും പറഞ്ഞാൽ കയറിക്കിടക്കാൻ ഒരിടമില്ലാത്തതിന്റെ പേരിൽ നിങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയാതിരിക്കുകയോ, ആത്മഹത്യ ചെയ്യേണ്ടി വരികയോ ഇല്ല.
കല്യാണം കഴിച്ചിട്ടില്ലാത്ത പ്രിയപ്പെട്ട പെൺകുട്ടികളെ കല്യാണമെന്നാൽ ഭൂരിഭാഗം സ്ത്രീകൾക്കും ഒരു ട്രാപ്പ് ആണ്, സ്ത്രീധനം ഒരു സത്യവും. പെണ്ണിന് വീട്ടുകാർ കൊടുക്കുന്ന പൊന്നും പണവും ചെക്കനും ചെക്കന്റെ വീട്ടുകാർക്കും അവകാശപ്പെട്ടതാണെന്ന് പറയുന്ന സമൂഹവും, ഒരു ഉളുപ്പിമില്ലാതെ മറ്റൊരാളിന്റെ വിയർപ്പ് അധികാരത്തോടെ കൈനീട്ടി വാങ്ങി തിന്നാൻ മടിയില്ലാത്ത ആൺവർഗ്ഗവുമുള്ളൊരു നാട്ടിൽ അത്രയൊന്നും ആത്മാർത്ഥയും സ്നേഹവും പെൺകുട്ടികൾക്ക് ആവശ്യമേയില്ല. അവനവന്റെ തടിയും, ജീവിതവും ഇഷ്ടങ്ങളുമൊക്കെ കഴിഞ്ഞിട്ട് മതി ബാക്കി ഒക്കെ…