പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് നിരന്തരം വിവാദത്തിലായ പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിലോടുന്ന റോബിൻ ബസിനെ വീണ്ടും എം.വി.ഡി തടഞ്ഞു. 7500 രൂപ പിഴ ചുമത്തിയ ശേഷമാണ് വാഹനം വിട്ടയച്ചത്. കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് വൻ പോലീസ് സന്നാഹത്തോടെ എത്തി തടഞ്ഞത്. എന്നാൽ, പിഴ ചുമത്തി വിട്ടയച്ച ബസ് വീണ്ടും സർവീസ് തുടങ്ങി. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ റോബിൻ ബസിനെ കഴിഞ്ഞ ദിവസം തമിഴ്നാട് മോട്ടാർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കോയമ്പത്തൂരിലേക്ക് പോകവെ വാളയാർ അതിർത്തി പിന്നിട്ടപ്പോഴാണ് പിടിച്ചെടുത്തത്. തുടർന്ന് 10,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് വിട്ടുനൽകിയത്.
സാധുതയുള്ള സ്റ്റേജ് കാര്യേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം ചാർജ് ഈടാക്കി സ്റ്റേജ് കാര്യേജായി ഓടിയതിനാണ് ബസിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറക്കുന്നതെന്നും ഗതാഗത മന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ഉടമ ഗിരീഷ് പറയുന്നത്. മുൻകൂർ ബുക്ക് ചെയ്തയാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സഹാചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തർക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും എം.വി.ഡി റോബിൻ ബസും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും തുടരുന്നത്.