മലപ്പുറം: താനൂരിൽ കാണാതായ രണ്ട് പെൺകുട്ടികളുമായി പൊലീസ് തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തി. ഗരീബ്‌രഥ് എക്സ്പ്രസിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് എത്തിയത്. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. പിന്നീട് കൗൺസിലിംഗിന് ശേഷമായിരിക്കും വീട്ടുകാരുടെ അടുത്തേക്ക് അയയ്ക്കുക.
നേരത്തെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹീം അസ്ലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മുംബയിൽ നിന്നും മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാൾ. വിദ്യാർത്ഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റഹീം ഒപ്പം പോയതെന്നാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.മുംബയ്-ചെന്നൈ എക്സ്പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ലോണാവാല സ്റ്റേഷനിൽ നിന്നാണ് ആർപിഎഫ് സംഘം ഇന്നലെ പുലർച്ചെ കുട്ടികളെ കണ്ടെത്തിയത്.