BREAKING NEWS
dateTHU 21 NOV, 2024, 2:58 PM IST
dateTHU 21 NOV, 2024, 2:58 PM IST
back
Homeregional
regional
Aswani Neenu
Sat Mar 09, 2024 02:59 PM IST
‘വടകരയില്‍ കോൺഗ്രസ്സ് - ബിജെപി പാക്കേജ്‌’; കുറിപ്പുമായി മന്ത്രി എം ബി രാജേഷ്
NewsImage

തിരുവനന്തപുരം: വടകരയില്‍ കോൺഗ്രസ്‌ ബിജെപി സഖ്യ നീക്കമെന്ന്‌ മന്ത്രി എം ബി രാജേഷ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കുമെന്ന് എം ബി രാജേഷ് പറഞ്ഞു. വടകരയില്‍ യുഡിഎഫിനെ സഹായിക്കുന്ന ബിജെപിക്ക് പാലക്കാട് സഹായം തിരിച്ച് നല്‍കും. നേമത്തിന് ശേഷം ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും എം ബി രാജേഷ് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ തവണ എല്‍ഡിഎഫിന് കിട്ടുമായിരുന്ന വോട്ടുകള്‍ കൂടി ലഭിച്ചാണ് ഷാഫി പറമ്പില്‍ കഷ്‌ടിച്ച് ജയിച്ചത്. പാലക്കാട് കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചാല്‍, സീറ്റ് ബിജെപി നേടും. കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കാനാണ് ഇത്തവണ ശ്രമിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

എം ബി രാജേഷിന്റെ കുറിപ്പ്‌:

വടകരക്ക് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു സവിശേഷ സ്ഥാനമുണ്ട്. കോ ലീ ബി സഖ്യത്തിന്റെ പരീക്ഷണശാലയായിരുന്നു വടകരയും ബേപ്പൂരും. തൊണ്ണൂറ്റിഒന്നിലെ തെരഞ്ഞെടുപ്പിലാണ് വടകര പാർലമെന്റ് മണ്ഡലത്തിൽ കോ ലീ ബി സഖ്യത്തിന്റെ പൊതു സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. രത്‌നസിങ് എൽ ഡി എഫ് സ്ഥാനാർഥി കെ പി ഉണ്ണികൃഷ്‌ണനെതിരെയും ബേപ്പൂരിൽ ഡോ. മാധവൻകുട്ടി സഖാവ് ടി കെ ഹംസക്കെതിരെയും മത്സരിച്ചത്. പരസ്യ സഖ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. രണ്ടിടത്തും കോ ലീ ബി സംഖ്യത്തെ ജനങ്ങൾ തകർത്തു തരിപ്പണമാക്കി. ഇപ്പോൾ വടകര വീണ്ടും കോൺഗ്രസ്സ് - ബി ജെ പി പാക്കേജിന്റെ പരീക്ഷണശാലയാകുകയാണ്.

കേരളത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ജയത്തിന്റെ തൊട്ടരികിലെത്തിയ പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യെ വടകരയിൽ കൊണ്ടുപോയി മത്സരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? വടകരയിൽ ജയിക്കാൻ ബി ജെ പി യുടെ പിന്തുണക്ക് പകരം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി ജെ പി യെ സഹായിക്കാം എന്നതാണ് പാക്കേജ്. നേമത്ത് സ. ശിവൻകുട്ടിയിലൂടെ എൽ ഡി എഫ് പൂട്ടിച്ച ബി ജെ പി യുടെ അക്കൌണ്ട് പാലക്കാടിലൂടെ തുറന്നു കൊടുക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ പരാജയം ഉറപ്പ് വരുത്താനാഗ്രഹിച്ച, സാധാരണ ഗതിയിൽ ഇടതുപക്ഷത്തിന് കിട്ടുമായിരുന്ന മതനിരപേക്ഷ വോട്ടുകൾ കൂടി കിട്ടിയപ്പോഴാണ് ഷാഫി പറമ്പിൽ തൊണ്ണൂറ് കഴിഞ്ഞ ഇ ശ്രീധരനെതിരെ കഷ്ടിച്ച് കടന്നു കൂടിയത്. ആ സീറ്റിലെ എം എൽ എ യെയാണ് വേണമെങ്കിൽ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് വിട്ടു കൊടുത്തു കൊണ്ട് കോൺഗ്രസ്‌ മത്സരിപ്പിക്കുന്നത്. ബി ജെ പി ക്ക് വടകര പാർലമെന്റ് സീറ്റിൽ ഒരു സാധ്യതയും ഇല്ല എന്നെല്ലാവർക്കുമറിയാം. എന്നാൽ പാലക്കാട് നിയമസഭ സീറ്റിൽ അങ്ങനെയല്ല.എൽ ഡി എഫ് സിറ്റിംഗ് സിറ്റിങ് എം എൽ എ മാർ മത്സരിക്കുന്ന ഒരു സീറ്റിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ഒരിടത്തു പോലും ബി ജെ പി ക്ക് വിദൂരവിജയസാധ്യത പോലുമില്ലെന്നോർക്കണം.

91 ൽ വടകരയും ബേപ്പൂരുമായിരുന്നെങ്കിൽ ഇപ്പോൾ വടകരയും ആലപ്പുഴയുമാണ്. ആലപ്പുഴയിൽ മത്സരിക്കാനെത്തുന്ന കെ സി വേണുഗോപാൽ രാജസ്ഥാനിലെ രാജ്യസഭ അംഗമാണ്. ജയിച്ചാൽ രാജി വക്കണം. രാജിവച്ചാൽ രാജസ്ഥാനിലെ ഇന്നത്തെ കക്ഷി നില വച്ച് സീറ്റ് ബി ജെ പിക്ക് ഉറപ്പ്. അതോടെ രാജ്യസഭയിൽ ബി ജെ പി ക്ക് ഇപ്പോഴില്ലാത്ത കേവല ഭൂരിപക്ഷവും ഉറപ്പാവും. ആരെയാണ് ഈ കോൺഗ്രസ്‌ എതിർക്കുന്നത്? ആരെയാണിവർ സഹായിക്കുന്നത്? ഇനിയും മനസിലാകാത്തവർ അത്രയും നിഷ്കളങ്കരായിരിക്കണം.രാജ്യമാകെ കൊൺഗ്രസ്സിന്റെ കഥ കഴിച്ച് ബി ജെ പി യിലേക്ക് കോൺഗ്രസ്സ് നേതാക്കളുടെ ഘോഷയാത്രക്ക് വഴിയൊരുക്കിയ വേണുഗോപാൽ ഇപ്പോൾ കേരളത്തിലേക്ക് വരികയാണ്. വരുന്നത് സി പി ഐ എമ്മിനോട് യുദ്ധം ചെയ്ത് ബി ജെ പി യെ സഹായിക്കാനാണ്. പത്മജ പത്മം ചൂടിയത് യാദൃശ്ചികമല്ല എന്നാണ് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക വ്യക്തമാക്കുന്നത്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയെയും വഞ്ചിച്ചു കൊണ്ട് കെ സി വേണുഗോപാൽ കളിക്കുന്ന കളി ബി ജെ പി ക്ക് വേണ്ടിയിട്ടുള്ളതാണ്.

ജനിച്ച ശേഷം ചോറൂണ് മുതൽ ഇന്നേവരെ കോൺഗ്രസ്‌ ചെലവിൽ ഉണ്ടു വളർന്ന ആന്റണി -കരുണാകരൻമാരുടെ മക്കൾക്ക് ഒരു മന:സാക്ഷിക്കുത്തുമില്ലാതെ ബി ജെ പി യിലേക്ക് പോകാമെങ്കിൽ കെ സി വേണുഗോപാലിനും കെ സുധാകരനും വി ഡി സതീശനുമൊക്കെ പോകാൻ തടസമുണ്ടാകുമോ? ശാഖക്ക് കാവൽ നിന്നത് അഭിമാനമായും എനിക്ക് തോന്നിയാൽ ബി ജെ പി യിലേക്ക് പോകുമെന്ന് പ്രഖ്യാപിക്കുന്നത് ധീരതയാണെന്ന് കരുതുകയും ചെയ്യുന്ന സുധാകരനും, ഗോൾവാൾക്കാർ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കൂപ്പുകൈകളുമായി നിന്ന വി ഡി സതീശനും പോവില്ലെന്ന് എന്താണുറപ്പ്? കെ സി വേണുഗോപാൽ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിൽ എത്തിയ ശേഷമാണ് ഒരു ഡസനിലേറെ മുൻ മുഖ്യമന്ത്രിമാരും നിരവധി കേന്ദ്ര മന്ത്രിമാരും എം പി മാരുമുൾപ്പെടെ ഏറ്റവും കൂടുതൽ കോൺഗ്രസ്സ് നേതാക്കളെ ബി ജെ പി യിലേക്ക് എത്തിച്ചത്.

വടകര-ആലപ്പുഴ പാക്കേജ് കേരള രാഷ്ട്രീയത്തിൽ അങ്ങേയറ്റം ആപൽക്കരമായൊരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. ആ ചതിക്കുഴി കോൺഗ്രസസിനകത്തും ലീഗിലുമുള്ള മത നിരപേക്ഷ വാദികൾ തിരിച്ചറിഞ്ഞാൽ നല്ലത്.ജനങ്ങൾ എന്തായാലും ഇത്തവണ തിരിച്ചറിയും 91 ലെ വടകര -ബേപ്പൂർ മോഡലിനുണ്ടായ അതേ അനുഭവം ആയിരിക്കും ഈ വടകര -ആലപ്പുഴ പാക്കേജിനുമുണ്ടാവുക.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE