കണ്ണൂര്‍: റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്നതിന് കരാറുകാരന്റെ വാഹനം ഉപയോഗിച്ചതില്‍ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആര്‍സി ബുക്കും മറ്റും കയറുന്നതിനു മുന്‍പ് മന്ത്രിക്ക് നോക്കാന്‍ കഴിയുമോ എന്നു ചോദിച്ച റിയാസ്, ചിലരുടെ ചോരകുടിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നും പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 'അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാല്‍ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത്? എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ചോദിച്ചിട്ടുണ്ട്', അദ്ദേഹം വ്യക്തമാക്കി.
അഭിവാദ്യം സ്വീകരിക്കാന്‍ പൊലീസ് വാഹനം ഉപയോഗിക്കണം എന്നിരിക്കെ കോഴിക്കോട് വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനത്തില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം തുറന്ന വാഹനം പോലീസില്‍ ഇല്ലാത്തതിനാലാണ് ഈ വാഹനം ഉപയോഗിക്കേണ്ടിവന്നത് എന്നാണ് പോലീസിന്റെ വിശദീകരണം.