ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്. ദൃശ്യം മോഡലില്‍ അനില്‍കുമാര്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്.മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാം പ്രതി 'ദൃശ്യം' മോഡലിൽ കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് സംശയം.അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുത്തേക്കും.നിലവില്‍ ഇയാള്‍ ഇസ്രയേലിലാണ്.
കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്.ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. എന്നാല്‍, ഈ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഇതോടെയാണ് അനില്‍കുമാര്‍ മൃതദേഹം മാറ്റിയോ എന്ന സംശയമുയരുന്നത്.
സംഭവസമയത്ത് അനില്‍കുമാര്‍ നാട്ടിലെ കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു. അതിനാല്‍ തന്നെ മറ്റുസഹായമില്ലാതെ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം മാറ്റാന്‍ ഇയാള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് നിഗമനം.
കലയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മാത്രമാണ് മൃതദേഹം സെപ്റ്റിക് ടാങ്കിലാണ് ഉപേക്ഷിച്ചതെന്ന മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയത്.