
നാദാപുരം: ടൗണിലെ മൊബൈൽക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവർന്ന കേസിൽ ഒരു ഐഫോൺ എറണാകുളത്തുനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഐ ഫോൺ 17 പ്രോ മോഡലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കവർച്ച നടത്തിയ ഐഫോണുകളുടെ വിവരങ്ങൾ പോലീസ് ആപ്പിൾ കമ്പനിക്ക് കൈമാറിയിരുന്നു. അതിലൊരു ഫോൺ ആക്ടീവായതിനെത്തുടർന്ന് പോലീസ് ലൊക്കേഷൻ കണ്ടെത്തി. തുടർന്നുനടത്തിയ പരിശോധനയിലാണ് കൊച്ചിയിൽ ഫോണുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഫോൺ കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽനിന്ന് 1,35,000 രൂപ നൽകിയാണ് ഫോൺ വാങ്ങിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. രണ്ട് ഐ ഫോണുകൾകൂടി ആക്ടീവായിട്ടുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവയിലൊന്ന് ഡൽഹിയിലും മറ്റൊന്ന് ഉത്തർപ്രദേശിലുമാണെന്ന് പോലീസ് പറഞ്ഞു. ഇവ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.