ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്‍ നടക്കും. യമുനതീരത്ത് പ്രത്യേകസ്ഥലം വേണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തീരുമാനമായില്ല. സമ്പൂര്‍ണ സൈനികബഹുമതികളോടെയായിരിക്കും സംസ്‌ക്കാരം നടക്കുക.
മന്‍മോഹന്‍ സിങ്ങിന് യമുനാതീരത്ത് പ്രത്യേക സ്മാരകം ഒരുക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം വേണമെന്നായിരുന്നു ആവശ്യം. അതിനുശേഷമാണ് ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായ അറിയിപ്പ് വന്നത്.
എന്നാല്‍ നിഗം ബോധ്ഘട്ടില്‍ സംസ്‌കാരം നടത്തുന്നതിനെ എതിര്‍ത്ത് ശിരോമണി അകാലിദള്‍ രംഗത്ത് വന്നു. രാജ്ഘട്ടില്‍ തന്നെ സംസ്‌കാരം വേണമെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു. സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാദല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഇതില്‍ നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മന്‍മോഹന്‍ സിങ്ങിന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ എട്ടിന് ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്നും എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് പൊതുദര്‍ശനം. 9.30-ന് ശേഷം നിഗം ബോധ്ഘട്ടിലേയ്ക്കുള്ള യാത്ര തുടങ്ങും.