കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ ഇനി മമ്മൂട്ടിയുടെ ജീവചരിത്രവും പഠിക്കും. രണ്ടാംവർഷ ചരിത്ര വിദ്യാർഥികളുടെ മലയാള സിനിമയുടെ ചരിത്രം എന്ന മേജർ ഇലക്ടീവ് കോഴ്സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രവും ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം മഹാരാജാസിന്റെ ഭാഗമാണെന്നും അത് അഭിമാനവുമാണെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. മമ്മൂട്ടിയെക്കൂടാതെ മഹാരാജാസ് പൂർവ വിദ്യാർഥിയായിരുന്ന ദാക്ഷായണി വേലായുധന്റെ ജീവിതവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ സാംസ്കാരിക ചരിത്രം പഠിപ്പിക്കുന്ന ഒരു കോഴ്സുണ്ട്. അതിൽ ആ കോഴ്സിൽ ഓരോ വകുപ്പിനും അവരുടേതായ രീതിക്ക് ഡിസൈൻ ചെയ്യാം. നമ്മുടെ കലാലയം പ്രാദേശികമായിട്ട് ഏറ്റവും അടുത്ത് നിൽക്കുന്നവരേയും പ്രധാനപ്പെട്ട ആൾക്കാരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമ ചരിത്രം എന്ന് പറയുമ്പോൾ മമ്മൂട്ടിയുടെ പേരില്ലാതെ പോവില്ലല്ലോ. അദ്ദേഹം മഹാരാജാസിന്റെ ഭാഗമാണ്. അത് അഭിമാനവുമാണ്. അദ്ദേഹത്തെ അടയാളപ്പെടുത്തി തന്നെയാണ് കോളേജിന്റെ ചരിത്രം നിലനിൽക്കുക എന്നുള്ള ഒരു ബോധ്യം കോളേജിനുണ്ടെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഷജില പറഞ്ഞു.
മഹാരാജാസിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളവരെയെല്ലാം ഇത്തരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഎ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. കൂടാതെ പണ്ഡിറ്റ് കറുപ്പൻ, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എസ് വേലായുധൻ തുടങ്ങിയവരും സിലബബസിന്റെ ഭാഗമായിട്ടുണ്ട്.