തിരുവനന്തപുരം: വാഴമുട്ടം ഗവൺമെൻറ് ഹൈസ്കൂളിൽ നിന്ന് ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ മോഷണംപോയ സംഭവത്തിൽ വഴിത്തിരിവ്. കേസ് അന്വേഷണം നടക്കുന്നതിനിടെ മോഷണമുതൽ പ്രധാനാധ്യപികയുടെ വീടിൻറെ മതിലിനു മുകളിൽ കൊണ്ടുവെച്ച നിലയിൽ കണ്ടെത്തി. ഒപ്പം, ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്തും പോലീസ് കണ്ടെടുത്തു. ക്രിസ്മസ് അവധി കഴിഞ്ഞ് ഒന്നാംതീയതി സ്കൂൾ തുറന്നപ്പോഴാണ് ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന നാല് പ്രൊജക്ടറുകൾ, രണ്ട് ലാപ്ടോപ്പുകൾ, മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവ മോഷണം പോയതായി കാണുന്നത്. കോവളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാവിലെ സ്കൂളിലെ പ്രഥമാധ്യാപിക ജി.എസ്. ശ്രീജയുടെ പനങ്ങോട്ടുള്ള വീടിൻറെ മതിലിന് മുകളിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മോഷണ വസ്തുക്കളും ഒപ്പം കത്തും കണ്ടെത്തിയത്.
തൻറെ അറിവില്ലായ്മകൊണ്ട് ചെയ്തുപോയതാണെന്നും ക്ഷമിക്കണമെന്നും തെറ്റ് മനസ്സിലാക്കുന്നെന്നും കത്തിൽ പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കത്തിൽ എഴുതിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സ്കൂളിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായാൽ മാത്രമേ വ്യക്തത വരൂ എന്ന് അന്വേഷണത്തിന് നേതൃത്വംനൽകുന്ന കോവളം എസ്.എച്ച്.എസ്. ബി. ജോയ് അറിയിച്ചു.