വടക്കഞ്ചേരി: പന്നിയങ്കരയില്‍ ഉടമയുടെ കണ്‍മുന്നില്‍ നിന്നും കൊണ്ട് പോയ ബൈക്ക് തിരികെ ഏല്‍പ്പിച്ച് മോഷ്ടാവ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കിഴക്കഞ്ചേരി സ്വദേശി സതീഷ്‌കുമാറിന്റെ ബൈക്കുമായി മോഷ്ടാവ് സ്ഥലംവിട്ടത്. ഇതിനുപിന്നാലെ വടക്കഞ്ചേരി പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ്, മോഷ്ടാവ് ബൈക്കിലെ ഡയറിയില്‍ നിന്ന് ലഭിച്ച സതീഷ്‌കുമാറിന്റെ നമ്പറിലേക്ക് വിളിച്ചത്. ബൈക്ക് തിരികെ നല്‍കാമെന്നായിരുന്നു ഫോണ്‍കോള്‍. സതീഷ് ഇക്കാര്യം ഉടന്‍തന്നെ പോലീസിനെ അറിയിച്ചു. തുടര്‍ന്ന്, പോലീസിന്റെ നിര്‍ദേശാനുസരണം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വാണിയമ്പാറയില്‍ ബൈക്ക് എത്തിക്കാന്‍ ഉടമ മോഷ്ടാവിനോട് ആവശ്യപ്പെട്ടു.
മോഷ്ടാവ് ബൈക്കുമായി തിരികെവരുമ്പോള്‍ പിടികൂടാനായിരുന്നു പോലീസ് ലക്ഷ്യമിട്ടത്. എന്നാല്‍ പറഞ്ഞ സ്ഥലത്ത് നേരത്തെ തന്നെ ബൈക്ക് വെച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്ത് വിജയകുമാറിന്റെ പന്നിയങ്കരയിലെ വീട്ടിലെത്തിയപ്പോഴാണ് സതീഷിന്റെ ബൈക്ക് മോഷണം പോയത്. വീടിനു മുമ്പില്‍ റോഡരികിലാണ് ബൈക്ക് നിര്‍ത്തിയിരുന്നത്. താക്കോല്‍ ബൈക്കില്‍ തന്നെ വെച്ചു. ജോലി സംബന്ധമായ കാര്യങ്ങള്‍ വീട്ടുമുറ്റത്ത് നിന്ന് സംസാരിക്കുന്നതിനിടെ റോഡിലൂടെ നടന്നുവന്നയാള്‍ ബൈക്കെടുത്ത് പോവുകയായിരുന്നു.
സതീഷും വിജയകുമാറും പിന്നാലെ ഓടിയെങ്കിലും കള്ളനെ പിടികൂടാനായിരുന്നില്ല. എന്തായാലും ബൈക്കിലുണ്ടായിരുന്ന നാലായിരം രൂപയും പണി സാധങ്ങളും ഒന്നും നഷ്ടപ്പെടാതെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സതീഷ്. ബൈക്ക് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബൈക്ക് ഉടമയ്ക്ക് കൈമാറും.