കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ പദയാത്രയിലെ ഔദ്യോഗിക ഗാനത്തിലെ പിഴവ് ചർച്ചയാക്കി സോഷ്യൽ മീഡിയയും രാഷ്ട്രീയ പാർട്ടികളും. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ...' എന്നാണ് ഗാനത്തിലെ വരികൾ. ഗാനവുമായി ബന്ധപ്പെട്ട് പദയാത്ര അവലോകനയോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. വീഡിയോ ചെയ്ത ഐടി സെല്ലിനെതിരെയാണ് വിമർശനം. നേരത്തെ ഉച്ചഭക്ഷണ പോസ്റ്ററും വിവാദമായിരുന്നു. ഇതോടെ എസ്.സി- എസ്.ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്റർ ബി.ജെ.പി കേരളം പേജിൽ നിന്ന് നീക്കി.
ബി.ജെ.പിയുടെ ഒരു സാമൂഹിക മാധ്യമ പേജുകളിലും ഇതിനി ഉണ്ടാവരുതെന്ന കർശന നിർദേശവും നേതൃത്വം നൽകി. എന്നാൽ നീക്കം ചെയ്ത ശേഷവും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ശബ്ദമിശ്രണത്തിൽ വന്ന പിഴവെന്നാണ് ഐ.ടി സെൽ ഭാരവാഹികൾ നൽകുന്ന വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതാക്കൾ പറയുന്നത്.
പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം 'എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്' എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.