
ചെരണ്ടത്തൂർ: വീട്ടിനുള്ളിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ചെരണ്ടത്തൂർ തൈവെച്ച പറമ്പത്ത് ബൈജുവിന്റെ വീട്ടിൽ നിന്നാണ് ഏകദേശം ഒമ്പത് പവനോളം വരുന്ന സ്വർണഭരണങ്ങൾ മോഷണം പോയത്.കഴിഞ്ഞ ദിവസമാണ് അലമാരയുടെ ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ മോഷണം പോയതായി കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.പയ്യോളി പോലീസിന് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 17 നാണ് സ്വർണാഭരണങ്ങൾ അലമാരയിൽ വെച്ച് പൂട്ടിയതെന്ന് വീട്ടുകാർ പറഞ്ഞു. ഇന്നലെ അലമാര തുറക്കാൻ വേണ്ടി താക്കോൽ നോക്കിയപ്പോൾ സൂക്ഷിച്ച സ്ഥലത്തു കണ്ടില്ല. തുടർന്ന് അലമാര പൊളിച്ചു നോക്കിയപ്പോഴാണ് ആഭരണങ്ങൾ നഷ്ട്ടപെട്ട വിവരം അറിയുന്നത്.
ബന്ധു വീട്ടിൽ കല്യാണം ആയതിനാൽ കുറച്ചു ദിവസം ബൈജുവിന്റെ വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അതിനു ശേഷം അടുപ്പിച്ച മൂന്ന് ദിവസങ്ങളിൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ ദിവസങ്ങളിൽ ആയിരിക്കാം കവർച്ചയെന്ന് കരുതുന്നു. എന്നാൽ വീട്ടിൽ കള്ളൻ കയറിയ ലക്ഷണങ്ങളൊന്നും തന്നെ ഇല്ല എന്നും അലമാരയിലെ സാധനങ്ങൾ വലിച്ചു വാരി ഇട്ടിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു. അലമാരയുടെ അടുത്ത് നിന്നും വീട്ടുകാരുടേതല്ലാത്ത ഒരു താക്കോൽ ലഭിച്ചെന്നും വീട്ടുകാർ പറയുന്നു.