വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) ചിത്രങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായതിനുശേഷം അദ്ദേഹം പൊതുവേദികളിൽ എത്തിയിരുന്നില്ല. ആശുപത്രിയിലെ പ്രാർത്ഥനാ മുറിയിൽ വീൽചെയറിലിരുന്ന് പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിൽ വെളള മേലങ്കിയും പർപ്പിൾ നിറത്തിലുളള ഷാളുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. തല കുനിച്ച് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയാണ് മാർപാപ്പ.ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുളള അപ്പാർട്ട്‌മെന്റിലെ മുറിയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു എന്ന അടിക്കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല വാർത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുറത്തുവന്ന മെഡിക്കൽ ബുളളറ്റിനിൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വിശദമാക്കിയിരുന്നു.