കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അർജുന്റെ കുടുംബം പരാതി നൽകിയത്. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്.