ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി ‘മാത്യു സാമുവൽ ഒഫീഷ്യൽ’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ്.
ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതും മതസൗഹാർദം തകരാൻ ഉതകുന്നതുമായ വ്യാജപ്രചാരണം സംപ്രേഷണം ചെയ്യുകയാണെന്ന് സംഘടനകൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയും, വ്യാപാരമേഖലയെ തകർക്കുന്നതിനായി ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ചാനലിലൂടെ പ്രചാരണം നടത്തിയിരുന്നു