തിരുവനന്തപുരം: അരുവിക്കരയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പോലീസ് സ്‌റ്റേഷനു സമീപമായിരുന്നു അപകടം. വെള്ളനാട്ടിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അരുവിക്കരയിൽ നിന്നും വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്നു യുവാക്കൾ. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടശേഷം ബസ് റോഡരികിലെ ഓടയിലേക്ക് ചരിഞ്ഞു. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.